മോഡിയെ സ്തുതിച്ച് സമയം പാഴാക്കരുത്: വിമത നേതാക്കള്‍ക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി

മോഡിയെ സ്തുതിച്ച് സമയം പാഴാക്കരുത്: വിമത നേതാക്കള്‍ക്കെതിരെ അധീര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ജി 23 വിമതരും ഹൈക്കമാന്‍ഡും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. പ്രധാനമന്ത്രിയെ പ്രശംസിച്ച് സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ആനന്ദ് ശര്‍മയുടെ പരസ്യ പ്രസ്താവനയ്ക്ക് മറുപടിയായിട്ടാണ് അദേഹത്തിന്റെ ട്വീറ്റ്.

'വ്യക്തിപരമായ സൗകര്യങ്ങള്‍ ലക്ഷ്യംവെച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോഡിയെ സ്തുതിക്കുകയും ചെയ്യുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അവരെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല' അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ പരാമര്‍ശിക്കൊണ്ടായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി ട്വീറ്റ് ചെയ്തത്. ബംഗാള്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയതിനെതിരെ ആനന്ദ് ശര്‍മ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിഷലിപ്തമായ വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ പ്രതിജ്ഞബദ്ധരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. അതിനാല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുകയും പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ വിമത നേതാക്കളില്‍ ഉള്‍പ്പെടുന്ന നേതാക്കളാണ് ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും. പാര്‍ട്ടി തീരുമാനങ്ങളെ വിമര്‍ശിച്ചും ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്.

പശ്ചിമബംഗാളില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയത് മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്‌റുവും മുന്നോട്ടുവച്ച കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആനന്ദ് ശര്‍മ രംഗത്തെത്തിയത്. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.