മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; വടക്കിന്റെ വിശുദ്ധൻ

മൂന്നാം ലോകത്ത് നിന്നൊരു പാപ്പാ; വടക്കിന്റെ വിശുദ്ധൻ

കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് മെത്രാനായിട്ട്‌ 10 വർഷം മാത്രം. പെറുവിലെ ബിഷപ്പുമാർ വടക്കിന്റെ വിശുദ്ധൻ എന്ന് അദേഹത്തെ വിളിച്ചു. അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് വടക്കൻ പെറുവിലെ ചിക്ലായോയിലേക്ക്‌‌ മിഷണറിയായും പിന്നീട്‌ ഇടയനായും നീണ്ട ജീവിതവഴി. അധികാരത്തിന്റെയും ആഡംബരത്തിന്റെയും സിംഹാസനങ്ങളിൽ ഇരുന്ന് അദേഹം ഭരിച്ചില്ല, നയിച്ചില്ല തന്റെ ജനങ്ങളോടൊപ്പം നടന്ന് അവർക്കായി ജീവിച്ചു.

പ്രളയക്കെടുതിയിൽ ആശ്വാസ സാന്നിദ്ധ്യം

2022ലെ പെറുവിലെ പ്രളയക്കെടുതിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക്‌ വീടുകൾ നഷ്ടപ്പെട്ടപ്പോൾ അദേഹം തന്റെ വാഹനം ഓടിച്ച് ഭക്ഷണവും മരുന്നും ബ്ലാങ്കറ്റുകളും മറ്റ്‌ ദുരിതാശ്വാസ സാധനങ്ങളുമായി വിദൂരമായ ആൻഡിയൻ ഗ്രാമങ്ങളിലെത്തി അവ വിതരണം ചെയ്തു. പ്രളയബാധിതർ താമസിച്ചിരുന്ന താൽക്കാലിക കൂടാരങ്ങളിൽ അവർക്കൊപ്പം കഴിഞ്ഞു. ചെളി നിറഞ്ഞ ദുരിതബാധിത പ്രദേശങ്ങളിൽ അവയൊന്നും കൂസാതെ ആശ്വാസസാന്നിദ്ധ്യമായി. എക്കാലവും ആ ജനതയുടെ വേദനകളിൽ പങ്കുപറ്റാൻ അദേഹമുണ്ടായിരുന്നു.

കുടിയേറ്റക്കാരുടെ അഭയം

വെനസ്വെലയെ സാമ്പത്തിക തകർച്ച പിടിമുറുക്കിയപ്പോൾ പെറുവിലേക്ക്‌ പ്രവഹിച്ച വെനിസ്വേലൻ കുടിയേറ്റക്കാർക്കും അദേഹം അഭയമായി. സ്വദേശം വെടിഞ്ഞെത്തി അഭയാർത്ഥി ബോധത്തിൽ വീർപ്പുമുട്ടിയ ആ ജനത്തെ കരുതലോടെ ചേർത്തുനിർത്തി, ജോലി ഉറപ്പാക്കി, അവർക്കുള്ള നിയമപരമായ സഹായങ്ങൾ കാര്യക്ഷമമായി മുന്നോട്ട് നയിച്ചു.
ഒരു ദിവസം കുടിയേറ്റ കുടുംബങ്ങൾക്കൊപ്പം ചിലവഴിച്ചപ്പോൾ അവരിലൊരാൾ തങ്ങൾക്ക്‌‌ അവിടെ ചേർന്നുനിൽക്കാൻ ‌കഴിയുമോ എന്ന് സന്ദേഹിച്ചപ്പോൾ. സ്നേഹം വീടുണ്ടാക്കുന്നു—ഇവിടെ നിങ്ങൾക്കൊരു കുടുംബമുണ്ട് എന്ന മറുപടി നൽകി. ആ കുടിയേറ്റ സമൂഹത്തിന് ക്രിസ്തുവിലും സുവിശേഷത്തിലും വലിയ സഭാ കുടുംബത്തിന്റെ നാഥനായി.

മെത്രാന്മാർ രാജാക്കന്മാരല്ല, രാജ്യഭരണം ജനങ്ങൾക്ക് വേണ്ടി

മെത്രാന്മാർ രാജാക്കന്മാരല്ല എന്ന് തുറന്ന് പറഞ്ഞു. ദരിദ്രർക്കു നേരെ കണ്ണടച്ച പെറുവിലെ ഭരണകൂടത്തെ കഠിനമായി വിമർശിച്ചു, ജനങ്ങൾക്കായുള്ള ഭരണമാണ് വേണ്ടതെന്ന് ഊന്നിപറഞ്ഞു. മൂന്നാം ലോകത്തിന്റെ സാഹചര്യങ്ങളിൽ ക്രിസ്തുവിന്റെ പ്രതിപുരുഷനായി, എപ്രകാരം വർത്തിക്കണമെന്നതിന് ഇടയവഴികൾ സാക്ഷ്യമായി. അധികാരത്തിന്റെ സഹജമായ ആഡംബരങ്ങളിൽ നിന്ന് മാറി നിന്ന് ജനങ്ങളോടൊപ്പം നിന്നു. ദരിദ്രർക്ക് ക്രിസ്തുവിന്റെ സാന്നിദ്ധ്യവും പ്രതീക്ഷയുമായി.

നിത്യനഗരത്തിലെ മെത്രാൻ

ലിയോ മാർപാപ്പയുടെ കഥ ചെളിയിലും വേദനയിലും കഴിഞ്ഞവർക്ക് വേണ്ടി എഴുതപ്പെട്ട സ്നേഹത്തിന്റെ ചരിത്രമാണ്. പതിതരായവർക്ക്‌ വേണ്ടി ജീവിച്ച, അധികാരത്തെയും ആഡംബരത്തെയും തള്ളിപ്പറഞ്ഞ പെറുവിലെ ഉൾനാടൻ അതിരൂപതയുടെ ഇടയൻ റോമിൽ ബിഷപ്പുമാരുടെ നിയമനത്തിന് വേണ്ടിയുള്ള കാര്യാലയത്തിന്റെ തലവനായി നിയുക്തനായത്‌ 2023 ജനുവരിയിൽ.

കർദിനാൾ സ്ഥാനത്തേക്ക്‌ ഉയർത്തപ്പെട്ടിട്ട്‌ രണ്ട് വർഷം കഷ്ടി. പാപ്പാ സ്ഥാനത്തേക്ക്‌ പറഞ്ഞുകേട്ടവരുടെ ലിസ്റ്റിലൊന്നും ഇടം പിടിച്ചില്ല. ഒടുവിൽ ക്ലീഷേയായി പതിഞ്ഞുപോയ 'ദൈവപരിപാലനയുടെ വഴിയിൽ ' എന്ന പ്രയോഗം നമ്മുടെ കണ്ണുകൾക്ക്‌ മുന്നിൽ സാർത്ഥകമാക്കിക്കൊണ്ട്‌ നിത്യനഗരത്തിൽ അദേഹമിതാ പത്രോസിന്റെ പിൻഗാമി, ലിയോ പതിനാലാമൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.