തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം- കേരളാ കോണ്‍ഗ്രസ് എം ഉഭയ കക്ഷി ചര്‍ച്ച ഇന്ന് നടക്കും. സിപിഐ സ്ഥാനാര്‍ത്ഥികളുടെ ചര്‍ച്ചകള്‍ക്കായി സംസ്ഥാന നിര്‍വാഹകസമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഓരോ ജില്ലകളിലേയും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ല നേതൃത്വങ്ങള്‍ക്ക് യോഗം നിര്‍ദേശം നല്‍കും.
പുതുതായി മുന്നണിയിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന്റെ കൂടിക്കാഴ്ച എല്‍ഡിഎഫിന് നിര്‍ണായകമാണ്. യുഡിഎഫിലുണ്ടായിരുന്ന പതിനഞ്ച് സീറ്റുകളാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. പരമാവധി പത്തു സീറ്റുകളാണ് സിപിഐഎം സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ 12 എങ്കിലും വേണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് നേതൃത്വം.
കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സിപിഐക്ക് ഇത്തവണ രണ്ടു മുതല്‍ മൂന്നു വരെ സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരിയും ഇരിക്കൂറിന് പകരം കണ്ണൂര്‍ സീറ്റും വേണമെന്ന ആവശ്യം രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ മുന്നോട്ടുവച്ചിട്ടുണ്ട്.
സിപിഐഎമ്മുമായി പറവൂര്‍, പിറവം സീറ്റുകള്‍ വച്ചുമാറുന്നതിനും അവര്‍ സന്നദ്ധരാണ്. ഇക്കാര്യങ്ങള്‍ ഇന്ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയാകും. ബാക്കിയുള്ള ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ ജില്ല കമ്മിറ്റികള്‍ക്ക് യോഗം നിര്‍ദേശം നല്‍കും.
മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാട് പരിഗണിച്ച് പട്ടിക തയാറാക്കി നല്‍കിയാല്‍ മതിയെന്നാണ് ജില്ലാ ഘടകങ്ങളോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ജില്ലാ ഘടകങ്ങള്‍ തയാറാക്കി നല്‍കുന്ന പട്ടിക സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കും. പത്തിന് മുന്‍പ് ഇടത് സ്ഥാനാര്‍ത്ഥികളെ ഒന്നിച്ചു പ്രഖ്യാപിക്കാനാണ് ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.