പന്ത്രണ്ട് വനിതകള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയേക്കും; വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ പരിഗണനയില്‍

പന്ത്രണ്ട് വനിതകള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയേക്കും;  വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ പരിഗണനയില്‍

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇക്കുറി പന്ത്രണ്ടു വനിതകള്‍ ഇടംപിടിച്ചേക്കും. എല്ലാ ജില്ലയിലും ഒരു വനിതയെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇതില്‍ ഇടുക്കിയും കാസര്‍ക്കോടും ഒഴികെയുള്ള ജില്ലകളില്‍ ഇക്കുറി വനിതാ സ്ഥാനാര്‍ഥികളുണ്ടാവും.

നിലവില്‍ ഷാനിമോള്‍ ഉസ്മാനാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എ. അരൂരില്‍ ഉപതെരഞ്ഞെടുപ്പിലാണ് ഷാനിമോള്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആരും ജയിച്ചില്ല. ഇക്കുറി ഷാനിമോള്‍ അരൂരില്‍നിന്നു തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പദ്മജ വേണുഗോപാല്‍ തൃശൂരിലും സ്ഥാനാര്‍ഥിയാവും. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയ്ക്ക് മാനന്തവാടി സീറ്റ് നല്‍കിയേക്കും.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേയയായ ജ്യോതി വിജയകുമാര്‍ ചെങ്ങന്നൂരോ വട്ടിയൂര്‍ക്കാവിലോ സ്ഥാനാര്‍ഥിയായേക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഏറ്റുമാനൂരില്‍ മത്സരിക്കാനാണ് സാധ്യത. ഇരുപതു ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസ് കെപിസിസിക്കു മുന്നില്‍ വച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിത്വത്തിലേക്കു പരിഗണിക്കേണ്ടവരുടെ പട്ടികയും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കി.

മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറിമാരായ രമണി പി നായര്‍, അന്‍സജിത റസല്‍ എന്നിവരുടെ പേരുകള്‍ എ കാറ്റഗറിയായി മഹിളാ കോണ്‍ഗ്രസ് കെപിസിസിക്കു നല്‍കിയിട്ടുണ്ട്. ജയിക്കാവുന്ന സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.