ലിയോ മാർപാപ്പായുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ; പാപ്പാ പാലീയവും മുക്കുവന്റെ മോതിരവും സ്വീകരിക്കും

ലിയോ മാർപാപ്പായുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ; പാപ്പാ പാലീയവും മുക്കുവന്റെ മോതിരവും സ്വീകരിക്കും

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്ക ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ലിയോ പതിനാലാമന്റെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കും.

പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥിക്കുകയും ധൂപാര്‍ച്ചന നടത്തുകയും ചെയ്തതിന് ശേഷമാണ് പാപ്പാ കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി ബലിവേദിയിലെത്തുക.

ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. ലത്തീന്‍ ഗ്രീക്ക് ഭാഷകളിലെ സുവിശേഷപാരായണത്തിന് ശേഷമായിരിക്കും പാപ്പാ തന്റെ ദൗത്യത്തെ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങളായ പാലീയവും മോതിരവും സ്വീകരിക്കുക.

വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്‍, വൈദികന്‍, ഡീക്കന്‍ പദവികളിലുള്ള മൂന്ന് കര്‍ദിനാളാന്മാര്‍ ആയിരിക്കും ഈ ചടങ്ങ് നിര്‍വഹിക്കുക. വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്ത് മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും.

അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ട റി മാർക്കോ റുബിയോ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, ഉക്രെയ്‌ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്‌കി, പെറു പ്രസിഡന്റ് ദിന എർസിലിയ ബൊലാർതെ സെഗാര, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ, നൈജീരിയൻ പ്രസിഡൻ്റ് ബൊല അഹമ്മദ് ടിനുബു, ഇസ്രയേലി പ്രസിഡൻ്റ ഐസക് ഹെർസോഗ്, യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല ഫോൺ ദെർ ലെയെൻ, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ നാളെ വത്തിക്കാനിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.