അഡ്ലെയ്ഡിന്റെ വീഥികളെ ഭക്തിനിർഭരമാക്കി മരിയൻ പ്രദക്ഷിണം; സ്വർ​ഗീയ രാജ്ഞിയുടെ രൂപം വഹിച്ച് ജപമാലകൾ കൈകളിൽ ഏന്തി വിശ്വാസികൾ അണിനിരന്നു

അഡ്ലെയ്ഡിന്റെ വീഥികളെ ഭക്തിനിർഭരമാക്കി മരിയൻ പ്രദക്ഷിണം; സ്വർ​ഗീയ രാജ്ഞിയുടെ രൂപം വഹിച്ച് ജപമാലകൾ കൈകളിൽ ഏന്തി വിശ്വാസികൾ അണിനിരന്നു

അഡ്ലെയ്ഡ്: വിശ്വാസ പ്രഘോഷണത്തിലൂടെയുള്ള സുവിശേഷവത്കരണത്തിന്റെ നേർചിത്രമായി സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്ലെയ്‌ഡിൽ നടന്ന ഭക്തിനിർഭരമായ മരിയൻ പ്രദക്ഷിണം. സിറോ മലബാർ വിശ്വാസികളുടെ നിറ സാന്നിധ്യം റാലിയിലുടനീളം പ്രകടമായി.

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസമായി ആഗോളസഭയിൽ കൊണ്ടാടുന്ന മെയ് മാസത്തിൽ നടത്തപ്പെടുന്ന 76ാമത് പ്രതിവർഷ മരിയൻ റാലിക്കാണ് അഡ്ലെയ്ഡ് സാക്ഷ്യം വഹിച്ചത്. സ്വർ​ഗീയ രാജ്ഞിയുടെ രൂപം വഹിച്ച് ജപമാലകൾ കൈകളിൽ ഏന്തി പ്രാദേശിക സഭയ്‌ക്കൊപ്പം സീറോ മലബാർ വിശ്വാസികളും ലത്തീൻ കത്തോലിക്കരും അടങ്ങുന്ന മലയാളികളായ വിശ്വാസിസമൂഹം നഗരമധ്യത്തിലൂടെ തങ്ങളുടെ വിശ്വാസം പ്രഖ്യാപിച്ച് നടത്തിയ റാലി ക്രിസ്തീയ കൂട്ടായ്മയുടെയും പ്രാർത്ഥനാജീവിതത്തിന്റെയും സാക്ഷ്യമായി മാറുകയായിരുന്നു.



3000 ത്തോളം പേർ അണിനിരന്ന റാലിക്ക് അഡ്‌ലൈഡ് അതിരൂപത മെത്രാപോലീത്ത പാട്രിക് മൈക്കിൾ നേതൃത്വം നൽകി. മഹിമയുടെ ദിവ്യരഹസ്യങ്ങൾ ധ്യാനിച്ചും ദൈവവചനം വായിച്ചും ഓരോ ദശകത്തിനും ശേഷം നിശബ്ദ ധ്യാനം നടത്തിയും ജപമാല പ്രാർത്ഥന ഭക്തിനിർഭരമായി നടത്തി.

സീറോമലബാർ സഭയിലെ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന യുവജനങ്ങളും മതബോധന വിദ്യാർത്ഥികളും അടങ്ങുന്ന വിശ്വാസികൂട്ടായ്മയ്ക്ക് അഡ്‌ലൈഡ് സെന്റ് അൽഫോൻസാ ഫോറോനാ, സെന്റ് മേരിസ് വികാരി ഫാ.ഡോ. സിബി പുളിക്കലും ഏവുപ്രസിയ ഇടവക വികാരി ഫാ. എബ്രഹാം കഴുന്നടിയിലും നേതൃത്വം നൽകി.



പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചവരെ ആരെയും പരിശുദ്ധ അമ്മ കൈ വിടില്ല എന്ന് ആർച്ച് ബിഷപ്പ് പാട്രിക് മൈക്കിൾ വിശ്വാസികളെ ഓർമിപ്പിച്ചു. ലിയോപാപ്പ സ്ഥാനമേൽകുന്ന ഈ ദിവസം നമ്മൾ ഏവരും പ്രത്യേകം പ്രാർത്ഥിക്കണമെന്നും മെത്രാപ്പോലീത്ത വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഏതാവശ്യത്തിലും ഒന്ന് വിളിച്ചാൽ ഓടിയണയാനും പ്രതിസന്ധികളിൽ കരുത്ത് പകരാനും ക്രൈസ്തവർക്ക് സഹായമായി ജപമാല രാജ്ഞിയുണ്ട് എന്ന് ലോകത്തോട് പ്രഘോഷിച്ച് കൊണ്ട് നടത്തപ്പെട്ട മരിയൻ പ്രദക്ഷിണത്തിന് ദിവ്യകാരുണ്യ ആരാധനയോടെയാണ് തിരശീല വീണത്.


അഡ്ലെയ്ഡിന്റെ തെരുവുകളിൽ ജപമാല മുഖരിതമായതിൽ പങ്കെടുത്തത്തിൽ നല്ലൊരു ശതമാനം സിറോ മലബാർ വിശ്വാസികൾ ആയിരുന്നു എന്നത് ഓസ്‌ട്രേലിയാൻ സഭയുടെ വളർച്ചയിൽ മലയാളി കത്തോലിക്കരുടെ നിർണായക പങ്ക് അടിവരയിട്ട് തെളിയിക്കുന്നതായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വിക്ടോറിയ പാർക്കിൽ നിന്നും ആരംഭിച്ച റാലി വിക്ടോറിയ സ്‌ക്വയറിൽ സമാപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.