'ഓപ്പറേഷന്‍ സിന്ദൂര്‍ ഉചിതമായ പ്രതികരണം': ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍; നയതന്ത്ര ദൗത്യത്തില്‍ സഹകരിക്കുമെന്ന് യുഎഇ

'ഓപ്പറേഷന്‍ സിന്ദൂര്‍ ഉചിതമായ പ്രതികരണം': ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍; നയതന്ത്ര ദൗത്യത്തില്‍ സഹകരിക്കുമെന്ന് യുഎഇ

ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യന്‍ ഇടപെടലുകള്‍ക്ക് പിന്തുണ അറിയിച്ച് ജപ്പാന്‍. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും രാജ്യസുരക്ഷ മുന്‍നിര്‍ത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗം വ്യക്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ വിവിധ നയതന്ത്ര സംഘങ്ങളെ നിയോഗിച്ചിരുന്നു. 

ഇതില്‍ ജനതാദള്‍(യു) എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ജപ്പാന്‍ വിദേശകാര്യ മന്ത്രി തകേഷി ഇവായയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജപ്പാന്‍ ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ചത്.

ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എപ്പോഴും നിലകൊള്ളുമെന്ന് ജപ്പാന്‍ അറിയിച്ചതായി സഞ്ജയ് ഝാ പറഞ്ഞു. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗയേയും സംഘം സന്ദര്‍ശിച്ചിരുന്നു. അദേഹവും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചതായി സഞ്ജയ് ഝാ എക്സില്‍ വ്യക്തമാക്കി.

ജപ്പാന്‍ നയതന്ത്ര വിദഗ്ധനായ സതോരു നഗാവോ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ചു. ഉത്തരവാദിത്വ പൂര്‍ണവും ഉചിതവും എന്നാണ് നഗാവോ ഇന്ത്യയുടെ നടപടിയെ വിശേഷിപ്പിച്ചത്. യുഎസ്-ജപ്പാന്‍-ഇന്ത്യ സുരക്ഷാ സഹവര്‍ത്തിത്വമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിരീക്ഷിക്കുന്ന വ്യക്തിയാണ് സതോരു നഗാവോ. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണ ആത്മഹത്യാ പരമാണെന്നും അദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തെ അതിദാരുണ സംഭവമെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സതോര നഗാവോ വിശേഷിപ്പിച്ചു. മാതൃകാപരമായ ശിക്ഷയും ഉചിതമായ പ്രതികരണവുമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി ശിവസേന ( ഷിന്‍ഡെ) എംപി ശ്രീകാന്ത് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന് യുഎഇ എല്ലാവിധ സഹകരണവും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ഷിന്‍ഡെ പറഞ്ഞു. നിരപരാധികളെ കൊലപ്പെടുത്താന്‍ ഇസ്ലാമതം പഠിപ്പിക്കുന്നില്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. ഉന്നത എമിറാത്തി നേതാക്കളായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഡോ. അലി അല്‍നുഐമി തുടങ്ങിയവരുമായി സംഘം ചര്‍ച്ച നടത്തി.

ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും യുഎഇയും ഒന്നിച്ചു പോരാടുമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എംബസി എക്സില്‍ പങ്കുവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.