അമേരിക്കയിൽ ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു: രണ്ട് മരണം, എട്ട് പേര്‍ക്ക് പരിക്ക്; പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍

അമേരിക്കയിൽ ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു: രണ്ട് മരണം, എട്ട് പേര്‍ക്ക് പരിക്ക്; പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍

കാലിഫോര്‍ണിയ: സാന്‍ ഡീഗോയിലെ ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും സംഭവിച്ചു. വൈദ്യുത ലൈനുകളില്‍ തട്ടിയാണ് വിമാനം തകര്‍ന്നതെന്നാണ് അസിസ്റ്റന്റ് ഫയര്‍ ചീഫ് ഡാന്‍ എഡ്ഡിയുടെ പ്രാഥമിക നിഗമനം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച് തെരുവിന്റെ ഇരുവശത്തുമുള്ള വാഹനങ്ങള്‍ക്കും വീടുകള്‍ക്കും തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അലാസ്‌ക ആസ്ഥാനമായുള്ള ഡേവിയേറ്റര്‍ എല്‍എല്‍സി എന്ന കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനമാണ് തകര്‍ന്നത്. ഡേവിയേറ്ററിന്റെ മാനേജരും ഏക ജീവനക്കാരനും കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ പ്രാന്തപ്രദേശമായ എല്‍ കാജോണില്‍ നിന്നുള്ള 42 വയസ്സുള്ള ഡേവിഡ് ഷാപ്പിറോ ആണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

പ്രമുഖ സംഗീത ഏജന്‍സിയായ സൗണ്ട് ടാലന്റ് ഗ്രൂപ്പിന്റെ സഹസ്ഥാപകന്‍ കൂടിയായ ഡേവ് ഷാപ്പിറോയും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഷാപ്പിറോ വെലോസിറ്റി ഏവിയേഷന്‍ എന്ന ഫ്‌ലൈറ്റ് സ്‌കൂള്‍ നടത്തിയിരുന്നു. 2010 മുതല്‍ ഷാപ്പിറോ ഒരു സര്‍ട്ടിഫൈഡ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറാണ്, 2010 ല്‍ അലാസ്‌കയില്‍ ലൈസന്‍സ് നല്‍കി.

റോക്ക് ബാന്‍ഡായ ദി ഡെവിള്‍ വെയേഴ്സ് പ്രാഡയുടെ മുന്‍ ഡ്രമ്മറായ 39 കാരനായ ഡാനിയേല്‍ വില്യംസും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഷാപ്പിറോയ്ക്കൊപ്പം പറന്നുയരുന്നു എന്ന അടിക്കുറിപ്പോടെ വിമാനത്തിന്റെയും കോക്ക്പിറ്റിനുള്ളിലെ തന്റെയും ചിത്രങ്ങള്‍ വില്യംസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും, അപകട കാരണം കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.