കെനിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് രണ്ട് പുരോഹിതർ

കെനിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് രണ്ട് പുരോഹിതർ

നെയ്‌റോബി: കെനിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നു. സായുധ ധാരികള്‍ നടത്തിയ ആക്രമണത്തിൽ വൈദികൻ കൊല്ലപ്പെട്ടു. ഫാ. അലോയ്‌സ് ചെറൂയോട്ട് ബെറ്റ് ആണ് കൊല്ലപ്പെട്ടത്. അക്രമം മൂലം ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ കത്തോലിക്കാ പുരോഹിതനാണ് ഫാ. അലോയ്‌സ് ചെറൂയോട്ട്.

കെനിയയുടെ പടിഞ്ഞാറൻ ഉയർന്ന പ്രദേശങ്ങളിലെ എൽഗെയോ മറാക്വെറ്റ് കൗണ്ടിയുടെ ഭാഗമായ കെറിയോ താഴ്‌വരയിലെ ടോട്ട് പ്രദേശത്താണ് കൊലപാതകം നടന്നതെന്ന് വത്തിക്കാൻ ഏജൻസിയായ ഫീദെസ് പറഞ്ഞു. കാക്ബികെൻ ഗ്രാമത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ ദിവ്യബലി അർപ്പിച്ചതിന് ശേഷം തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം നടന്നത്. ആയുധധാരികളായ ഒരു സംഘം ആളുകൾ ഫാ. അലോയ്‌സിന് നേരെ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ വെടിയുണ്ട തുളച്ചുകയറിയാണ് വൈദികന്റെ മരണം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വൈദികന്റെ മരണത്തെ എൽഡോറെറ്റ് രൂപത അപലപിച്ചു. കൊലപാതകത്തിൽ പ്രതികളായ ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് നാഷണൽ പൊലീസ് സർവീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കെനിയയിലെ ഇഗ്വാമിറ്റിയിലെ സെന്റ് ലൂയിസ് പള്ളിയിലെ ഇടവക വികാരി ഫാ. ജോൺ എൻഡെഗ്വ മൈനയെ മെയ് 15ന് ദുരൂഹ സാചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇടവകയിൽ നിന്ന് കിലോമീറ്ററുകൾ അകലെ നകുരു-നൈറോബി ഹൈവേയുടെ അരികിൽ പുരോഹിതനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.