അമിത് ഷായ്ക്കെതിരായ മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അമിത് ഷായ്ക്കെതിരായ മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാര്‍ഖണ്ഡിലെ ചൈബാസയിലെ എംപി-എംഎല്‍എ കോടതിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

ജൂണ്‍ 26 ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. 2018 ലെ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. ബിജെപി നേതാവ് പ്രതാപ് കത്യാര്‍ ആണ് കേസ് ഫയല്‍ ചെയ്തത്.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി.  കൊലപാതകക്കുറ്റം നേരിടുന്ന ഒരാള്‍ക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാമെന്ന് രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും എല്ലാ ബിജെപി പ്രവര്‍ത്തകരെയും അപമാനിച്ചെന്നും ആരോപിച്ച്, കത്യാര്‍ 2018 ജൂലൈ ഒമ്പതിന് ചൈബാസയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ മാനനഷ്ടക്കേസ് റാഞ്ചിയിലെ എംപി-എംഎല്‍എ കോടതിയിലേക്ക് മാറ്റി.

തുടര്‍ന്ന് കേസ് ചൈബാസയിലെ എംപി-എംഎല്‍എ കോടതിയിലേക്ക് തിരിച്ചയച്ചു. പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ് അയച്ചത്. കോടതി ആവര്‍ത്തിച്ച് സമന്‍സ് അയച്ചിട്ടും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.