സിഡ്നി: ഭ്രൂണഹത്യക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വെസ്റ്റേൺ ഓസ്ട്രേലിയ പാർലമെന്റിന് മുന്നിൽ റാലി സംഘടിപ്പിച്ചു. കൊഅലീഷൻ ഫോർ ലൈഫ് മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു റാലി. നിരവധി ക്രിസ്തീയ സംഘടന അംഗങ്ങളും മലയാളികളും റാലിയിൽ പങ്കെടുത്തു. വെസ്റ്റേൺ ഓസ്ട്രേലിയ പാർലമെന്റ് അഗം നിക്ക് ഗൊയ്രാൻ എംപി റാലി ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയൻ ക്രിസ്ത്യൻസ് പാർട്ടി ലീഡറും പാർലമെന്റ് അംഗവുമായ മരീക്ക ഗ്രേൻവാൾഡ് മുഖ്യ പ്രഭാഷണം നടത്തി.
റാലിയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം
ഓസ്ട്രേലിയയിൽ ഭ്രൂണഹത്യ വളരുന്ന സാഹചര്യത്തിലാണ് എല്ലാ വർഷവും മെയ് മാസത്തിൽ ഇത്തരം റാലി സംഘടിപ്പിക്കുന്നത്. റാലിക്കെതിരെ പ്രതിഷേധവുമായും നൂറോളം ആളുകൾ തടിച്ചു കൂടിയത് ഏവരെയും അത്ഭുതപ്പെടുത്തി. ഗർഭച്ഛിദ്രം ഞങ്ങളുടെ അവകാശമാണെന്നാണ് അവരുടെ വാദം. പാർലമെന്റിന് മുന്നിൽ റാലിക്കാരെ പരിഹസിച്ച് സമ്മേളിച്ചവരെ പോലിസ് തടഞ്ഞ് നീക്കി.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ നിയമമാണ് ഇത്. ഗർഭഛിദ്രം എന്ന പൊതു വിഷയത്തിൽ ആളുകളുടെ വീക്ഷണങ്ങൾ എന്തുതന്നെയായാലും മറ്റ് ശിശുക്കളെപ്പോലെ തന്നെ ആരോഗ്യ സംരക്ഷണത്തിന് അബോർഷനിരയാകുന്ന കുട്ടികൾക്കും അർഹതയുണ്ടെന്ന് നിക്ക് ഗൊയ്രാൻ എംപി പറഞ്ഞു.
റാലിയിൽ പങ്കെടുക്കാനെത്തിയ പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ സഭ അംഗങ്ങൾ
'അബോർഷൻ വിഷയത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. സാധിക്കുന്ന എല്ലാ അവസരങ്ങളിലും ഗർഭച്ഛിദ്രത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. അനാരോഗ്യപരമായ കാര്യങ്ങൾ സംഭവിക്കുന്നത് തടയാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യണം. അതിനായി സംസാരിക്കാൻ ലഭിക്കുന്ന അവസരം എപ്പോഴും ഉപയോഗപ്പെടുത്തണം'- എംപി കൂട്ടിച്ചേർത്തു.
'ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാർട്ടിയിൽ നിലകൊള്ളുക. അവർക്ക് വേണ്ടി സംസാരിക്കുക. ഈ വിനാശകരമായ നിയമനിർമ്മാണത്തെ പരാജയപ്പെടുത്താനുള്ള ഏക മാർഗം ഈ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ നമ്മുടെ ശബ്ദങ്ങൾ വളർത്തിയെടുക്കുക എന്നതാണ്'. -എംപി പറഞ്ഞു.
'അടുത്ത ടേമിൽ നിങ്ങളോടൊപ്പവും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സഹപ്രവർത്തകരുമായി പ്രവർത്തിക്കാനും ഉപരിസഭയിൽ ഞങ്ങൾക്ക് വളരെ ശക്തമായ ഒരു ശബ്ദം ഉണ്ടെന്ന് ഉറപ്പാക്കാനും ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. മനുഷ്യജീവിതത്തിന് വിനാശകരമായ നിയമനിർമ്മാണത്തെ പരാജയപ്പെടുത്താൻ ഐക്യത്തോടെ നിൽക്കുക.'-എംപി കൂട്ടിച്ചേർത്തു.
'എല്ലാ ജീവനും പ്രധാനമാണ്. ഓരോ നിയമനിർമ്മാണവും അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ടതാണ്. ഗർഭഛിദ്രം അചിന്തനീയമാക്കുന്നത് എങ്ങനെയെന്ന് നമ്മൾ അറിയേണ്ടതുണ്ട്. സ്ത്രീകളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും അവരുടെ കുഞ്ഞുങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുമുള്ള സംഭാഷണങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറണം.'-എംപി പറഞ്ഞു
അടുത്ത വർഷം ഈ റാലിയിൽ 5,000, 6,000 ആളുകളെ കാണാൻ ആഗ്രഹിക്കുന്നു. അതിനായി നമുക്ക് പ്രവർത്തിക്കാമെന്നും നിക്ക് ഗൊയ്രാൻ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.