പത്രോസേ, നീ പാറയാകുന്നു. നീ ആകുന്ന പാറമേൽ ഞാൻ എൻ്റെ പള്ളി പണിയും . അങ്ങനെ പത്രോസ്സിനെ ഈശോ സഭയുടെ താക്കോൽ ഏൽപ്പിച്ചു. പത്രോസ്സിൻ്റെ പത്രാസ്സും, വലിപ്പവും, സൗന്ദര്യവും, കഴിവും കണ്ടിട്ടല്ല യേശു ക്രൈസ്തവ സഭയുടെ അമരക്കാരനാക്കിയത്. പത്രോസ്സും തൻ്റെ കൂടെയുള്ള ശിഷ്യൻമാരും തങ്ങളെ ഏൽപ്പിച്ച ദൗത്യം ശിരസ്സാവഹിച്ചു ലോകത്തിൻ്റെ അതിർത്തികൾ വരെ പീഢനങ്ങളും ബുദ്ധിമുട്ടുകളും സഹിച്ചു ഈശോക്കു സാക്ഷ്യം വഹിച്ചു. അങ്ങനെ ക്രൈസ്തവസഭക്കവർ രൂപം നൽകി. ഇന്നു ലോകത്തിലെ ഏറ്റവും വലിയ മതമായി ക്രൈസ്തവ സഭ വളർന്നു പന്തലിച്ചു.
സഭ അതിൻ്റെ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. നമ്മുടെ സഭ ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധികളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയുമാണു കടന്ന് പോകുന്നത് . സഭയുടെ വളർച്ച നാം പരിശോധിച്ചാൽ മനസ്സിലാവും പ്രശ്നങ്ങളും പ്രതിബന്ധങ്ങളും എന്നും സഭയോടൊപ്പമുണ്ടായിരുന്നു. അതിനെയെല്ലാം തരണം ചെയ്തു കൂടുതൽ കരുത്താർജ്ജിച്ചു നാം മുമ്പോട്ടു പോകുന്നു. ദൈവമായ അവിടുന്നു തൻ്റെ സമാനത നിലനിർത്താതെ മനുഷ്യനായി അവതരിച്ചു സഹനങ്ങളിലൂടേയും ക്ലേശങ്ങളിലൂടേയും ഉയർത്തിയെടുത്തതാണു തൻ്റെ തിരുസ്സഭയെ. പറഞ്ഞുവന്നതു സഹനങ്ങളും പ്രതിസന്ധികളും എപ്പോഴും സഭയുടെ വളർച്ചയുടെ ഭാഗമായിരുന്നു.
അന്നത്തെപ്പോലെ ഇന്നും, ഈ ആധുനിക ലോകത്തിലും പ്രതിസന്ധികളെ നാം നേരിടുകയും ശക്തമായി അതിജീവിക്കുകയും ചെയ്യണം. അതിനു നമ്മുടെ സഭാമേലധികാരികളോടും, ബഹുമാനപ്പെട്ട അച്ചൻമാരോടും, സന്യസ്തരോടും ഒപ്പം നിന്നു ശക്തമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യാൻ സഭയിലെ അംഗങ്ങളെന്ന നിലയിൽ, ദൈവജനമെന്ന നിലയിൽ നമുക്കു കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്. ഇന്നു സഭയുടെ വളർച്ചയിലും, ഐക്യത്തിലും അസൂയപൂണ്ട ഒരു പറ്റം ജനങ്ങള്‍ സഭയെ ശിഥിലമാക്കാൻ ആവുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. അക്കൂട്ടർ സോഷ്യൽ മീഡിയ, ആധുനിക മാധ്യമങ്ങൾ, സിനിമാ ഇവയെയെല്ലാം കരുവാക്കി സഭയ്ക്കും, നേതൃത്വത്തിനുമെതിരെ തീർത്തും വസ്തുതാവിരുദ്ധവുമായ കപടസത്യങ്ങൾ പ്രചരിപ്പിക്കുന്നു. ഇതു നാം വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ശക്തമായി നേരിടുകയും ചെയ്യേണ്ടതാണ്. ഒറ്റപ്പെട്ട പ്രശ്നങ്ങൾ, പ്രതിസന്ധികൾ സഭയിൽ ഉണ്ടാകുമ്പോൾ അതിൻ്റെ പേരിൽ നമ്മുടെ സഭാനേതൃത്വത്തേയും, അച്ചൻമാരേയും, കന്യാസ്ത്രീകളേയും, ദൈവജനത്തെ ഒന്നടങ്കം ചെറുതാക്കാനും ആക്ഷേപിക്കാനും ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണിൽ നിന്നും നടക്കുന്നു. ഇതു തീർത്തും അപലപനീയവും എതിർക്കപ്പെടേണ്ടതുമാണ്. കുറ്റം ചെയ്തവരേയോ, തെറ്റുകാരേയോ സംരക്ഷിക്കേണ്ടതോ, നിലനിർത്തേണ്ടതോ ആയ യാതൊരു ബാധ്യതയും സഭക്കില്ല, അതു സഭയുടെ കാഴ്ചപാടും നിലപാടുമല്ല. അവരെല്ലാം രാജ്യത്തിൻ്റെ നിയമ-വ്യവസ്ഥിതി അനുശാസിക്കുന്ന വഴിയിൽ തന്നെ കടന്നു പോകേണ്ടവരാണ്. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. "ഉപ്പു തിന്നവർ വെള്ളം കുടിച്ചേ തീരൂ".
കേരളത്തിലെ ഓരോ ജില്ലകളിലും അങ്ങോളമിങ്ങോളം സമൂഹത്തിൻ്റെ നാനാതുറകളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും, മുതിർന്നവർക്കും പരിശീലനം നൽകുന്ന നമ്മുടെ സ്ഥാപനങ്ങൾ - അതും മികച്ച ആധുനിക സൗകര്യങ്ങളോടെ, ഏറ്റവും ഉയർന്ന യോഗ്യതയുള്ളവർ പരിശീലനം നൽകുന്നു. ജാതിമത വ്യത്യാസമില്ലാതെ ഒരു വേർതിരിവുമില്ലാതെ എല്ലാ ജനങ്ങളും ഇവിടെ ജോലി ചെയ്യുന്നു. കേരളത്തിലെ ജില്ലകളിലെ മുക്കിലും മൂലയിലും നമ്മുടെ സ്ഥാപനങ്ങളുടെ പ്രവർത്തന മികവുകൊണ്ട് വിദ്യാഭ്യാസനിലവാരവും ആരോഗ്യനിലവാരവും ഉയർത്താൻ നമുക്കായി എന്നുള്ളതു വളരെ അഭിമാനത്തോടെ സ്മരിക്കപ്പെടേണ്ടതാണ്. നമ്മുടെ സഭ സമൂഹത്തിനു തണലാകുന്ന ചുരുക്കം ചില മേഖലകളും സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടട്ടെ....
1. അംഗനവാടികൾ
2. വിദ്യാലയങ്ങള്‍
3. ആർട്ട്സ് & സയൻസ് കോളേജുകൾ
4. സങ്കേതിക കൈ തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
5. പ്രൊഫഷണൽ കോളേജുകൾ (നഴ്സിംഗ് , മെഡിക്കൽ , എഞ്ചിനീയറിംഗ് കോളേജുകൾ)
6. ആശുപത്രികൾ
7. കൃഷി വിജ്ഞാന കേന്ദ്രങ്ങൾ
8. ചാരിറ്റി സ്ഥാപനങ്ങളും സംഘടനകളും
9. മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങൾ
10. റിഹാബിലിറ്റേഷൻ സെന്റെറുകൾ
11. അനാഥാലയങ്ങൾ
12. വൃദ്ധ സദനങ്ങൾ
13. സ്ത്രീ ശാക്തീകരണ കേന്ദ്രങ്ങൾ
14. വികലാംഗരായുള്ളവർക്ക് ഉള്ള വിവിധ ശാക്തീകരണ കേന്ദ്രങ്ങൾ
15. മാധ്യമ പഠന കേന്ദ്രങ്ങൾ
16. മേഴ്സി ഹോമുകൾ
ഈ വിവരിച്ച മണ്ഡലങ്ങൾ ഏതാനും ചിലതു മാത്രമാണ്. ഈ തലങ്ങളിലും മറ്റനേകം മേഖലകളിലും സമൂഹത്തിനും ജനങ്ങൾക്കും ഉദാത്തമായ സേവനം നൽകി നാടിനെ പുരോഗതിയിലേക്കു നയിക്കുവാൻ നമ്മുക്കാവുന്നു എന്നതു ചാരിതാർത്ഥ്യത്തോടെ സ്മരിക്കപ്പെടേണ്ട യാഥാർത്ഥ്യമാണ്. സർക്കാർ സ്ഥാപനങ്ങളേക്കാളും മറ്റേതൊരു പ്രസ്ഥാനവും നൽകുന്ന സേവനത്തേക്കാളും ഒരുപടി മുന്നിൽ നിന്നു മികച്ച പരിശീലനവും സേവനവും നമ്മുടെ സ്ഥാപനങ്ങൾ നൽകുന്നു, അതിനു നമ്മുടെ നേതൃത്വം മുൻകൈയെടുക്കുന്നു എന്നുള്ളതു ഓരോ ക്രൈസ്തവനും ഒത്തിരി സന്തോഷം നൽകുന്ന കാര്യമാണ്. ഒപ്പം തന്നെ പ്രവാസി കേരളീയരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും അവയിൽ അതിവേഗം ഇടപെട്ടു പരമാവധി പ്രശ്നപരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനുമായി 'പ്രവാസി അപ്പസ്തോലേറ്റും' നമ്മുടെ സഭയും സഭാ നേതൃത്വവും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ആവുന്ന മേഖലകളിലെല്ലാം നമ്മുടെ മേലധികാരികൾ ശക്തമായി ഇടപെടലുകൾ നടത്തി, പ്രവാസി സമൂഹത്തിനു താങ്ങും തണലുമായി പ്രവാസി അപ്പസ്തോലേറ്റ് ഇപ്പോഴും നിലകൊള്ളുന്നു. നമ്മുടെ കന്യാസ്ത്രീകളും നിശബ്ദ-വിപ്ലവമാണു നടത്തുന്നത്. ആരുമറിയാതെ സമൂഹത്തിൻ്റെ കണ്ണീരൊപ്പുകയാണവർ. കാണതെ പോകരുത് അവരുടെ സഹനജീവിതം. എല്ലാം പരിത്യജിച്ചു ആരുമില്ലാത്തവർക്ക് ഇവർ എല്ലാമായി മാറുന്നു. നിശബ്ദമായി കാരുണ്യത്തിൻ്റെ ഒരു കൂടൊരുക്കുകയാണവർ.
ഇതിൽനിന്നെല്ലാം പകൽപോലെ വ്യക്തമാണു സമൂഹത്തിൽ ക്രൈസ്തവ സഭയുടെ പ്രാധാന്യവും പ്രസക്തിയും. കേരളത്തിലെ ഇന്നത്തെ അവസ്ഥയിലേക്കും, വളർച്ചയുടെ പാതയിലേക്കും അതിവേഗം എത്തിക്കാൻ, മുന്നോട്ടു നയിക്കാൻ നമ്മുടെ പ്രസ്ഥാനങ്ങളും, സഭയും, സ്ഥാപനങ്ങളും, നേതൃത്വവും, മിഷണറിമാരും എല്ലാം വഹിച്ച, ഇപ്പോഴും വഹിച്ചു കൊണ്ടിരിക്കുന്ന നിസ്തുലമായ പങ്ക് വളരെയധികം അതിശയിപ്പിക്കുന്നതും ശ്ലാഘനീയവുമാണ്. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ രംഗത്തും, ആതുര-ശുശ്രൂഷ മേഖലയിലും, സ്ത്രീ ശാക്തീകരണത്തിലും കേരളം രാജ്യത്തിനകത്തും പുറത്തും ശക്തമായ മുദ്ര പതിപ്പിക്കുമ്പോൾ, മറ്റുള്ളവർക്ക് മാതൃകയാകുമ്പോൾ ഓർക്കുക സഹോദരങ്ങളെ അതിൽ നമ്മുടെ സഭയുടെ സംഭാവനകൾ തെല്ലും ചെറുതല്ല. നമ്മുടെ സഭയേയും നേതൃത്വത്തേയും മാറ്റിനിർത്തി ഒരു സർക്കാരിനും പ്രസ്ഥാനങ്ങൾക്കും നാടിനെ ഇത്രമേൽ ഉയരങ്ങളിലെത്തിക്കുവാൻ, നമ്മുടെ പുതിയ തലമുറയെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ സാധിക്കില്ല എന്നതു നിസ്തർക്കമായ വസ്തുതയാണ്. യാഥാർത്ഥ്യങ്ങളും, സത്യവും മനസ്സിലാക്കി സഭയുടെ പ്രതിസന്ധികളിൽ തളരാതെ ശക്തി പകരുവാൻ ദൈവജനത്തിൻ്റെ മുഴുവൻ സഹകരണവും ഐക്യവും കൂടിയേതീരൂ. അതു നൽകുവാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്.
പട്ടിണിക്കിട്ട 7 സിംഹങ്ങളുടെ നടുവിലേക്കു 6 ദിവസം ദാനിയേലിനെ നബുക്കദനേസർ രാജാവു വിട്ടുകൊടുക്കുമ്പോൾ ഒരെല്ലുപോലും ബാക്കി കാണില്ലെന്നുറപ്പായിരുന്നു. കാരണം അവൻ എറിയപ്പെട്ടതു സിംഹങ്ങളുടെ നടുവിലേക്കാണ്. അതും വിശന്നു കോപാക്രാന്തരായ സിംഹങ്ങളുടെ നടുവിലേക്ക്, അവനെ ഒരു പോറൽപോലും ഏൽപ്പിക്കാൻ സിംഹങ്ങൾക്കു സാധിച്ചില്ല, കാരണം ദാനിയേൽ ദൈവത്തിനു പ്രിയങ്കരനായിരുന്നു. ആ ദൈവമാണു നമ്മുടെ ശക്തി. അതിശക്തമായ കാറ്റിലും കോളിലും ശിഷ്യൻമാരുടെ വഞ്ചി ഉലഞ്ഞപ്പോൾ, ഒരേ ഒരു വാക്കുകൊണ്ടു പ്രകൃതിയെ നിശ്ചലമാക്കിയവനാണു ക്രിസ്തു. അവനാണു നമ്മുടെ കരുത്ത്. സഹോദരങ്ങളെ ഇന്നു നമുക്കു വാനോളം അഭിമാനിക്കാം - ഒരു ക്രിസ്ത്യാനി ആയതിനാൽ, ക്രിസ്തുവിൻ്റെ അനുയായി ആയതിനാൽ. നമ്മുടെ നാടിൻ്റെ കുതിപ്പിനു, ആക്കംകൂട്ടാൻ നാനതുറകളിൽ സഭ നൽകുന്ന സേവനങ്ങൾ അഭിമാനത്തോടും ആദരവോടും നമുക്കോർക്കാം. പ്രശ്നങ്ങളോടു പൊരുതിയുള്ള സഭയുടെ യാത്രയിൽ കരുത്തായി നമുക്കും നിലകൊള്ളാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.