പെണ്‍പുസ്തകങ്ങളുമായി ഒരു വനിതയുടെ വായനാശാല

 പെണ്‍പുസ്തകങ്ങളുമായി ഒരു വനിതയുടെ വായനാശാല

പെണ്ണെഴുത്തുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അനിഷ്ടത്തോടെ നെറ്റി ചുളിക്കുന്നുവരുണ്ട് ഇന്നും നമ്മുടെ സമൂഹത്തില്‍. എന്നാല്‍ ഏറെക്കാലമായി പെണ്ണെഴുത്തുകള്‍ വായനാ ലോകത്ത് സ്ഥാനം പിടിച്ചിട്ട്. പെണ്ണെഴുത്തുകളുടെ ആഴവും പരപ്പുമെല്ലാം വലുതാണ്. ഇത് വ്യക്തമായി തിരിച്ചറിഞ്ഞ ഒരാളാണ് അക്വി താമി. വെറുമൊരു സ്ത്രീ മാത്രമല്ല ഇവര്‍. ലോകമെമ്പാടുമുള്ള വനിതകള്‍ക്ക് കരുത്തും പ്രചോദനവുമാണ്.

അക്വി താമിയുടെ നേതൃത്വത്തില്‍ ഒരു ലൈബ്രറിയുണ്ട്. പെണ്‍പുസ്തകങ്ങളുടെ ലൈബ്രറി. സിസ്റ്റര്‍ ലൈബ്രറി എന്നാണ് വായനാശാലയുടെ പേര്. മികച്ച ആര്‍ടിസ്റ്റും ആക്ടിവിസ്റ്റുമായ അക്വി താമിയുടെ വായനാശാലയുടെ ലക്ഷ്യം പെണ്ണെഴുത്തുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.


പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്ന വെറുമൊരു വായനാശാല എന്നതിനുമപ്പുറം വായനയെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്ക് പരസ്പരം ഒരുമിച്ചിരുന്ന് സംസാരിക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമൊക്കെയുള്ള ഇടം കൂടിയാണ് ഈ സിസ്റ്റര്‍ ലൈബ്രറി. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിറ്റി ഓണ്‍ഡ് ഫെമിനിസ്റ്റ് ലൈബ്രറി എന്ന വിശേഷണവും അക്വി താമിയുടെ സിസ്റ്റര്‍ ലൈബ്രറിക്കാണ് അനുയോജ്യം.

മുംബൈയിലെ ബാന്ദ്രയ്ക്ക് അടുത്താണ് സിസ്റ്റര്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടം കൊണ്ടു മാത്രം ഒതുങ്ങുന്നില്ല ഈ വായനാശാല. രാജ്യത്തിന്റെ പലയിടങ്ങളിലും സിസ്റ്റര്‍ ലൈബ്രറിയിലെ പുസ്തകങ്ങളുമായി അക്വി താമി സഞ്ചരിക്കാറുമുണ്ട്. നോവലുകള്‍, ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, കഥ, കവിത എന്നിങ്ങനെയുള്ള വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങള്‍ ഉണ്ട് സിസ്റ്റര്‍ ലൈബ്രറിയില്‍. എല്ലാ പുസ്തകങ്ങളും സ്ത്രീകളാണ് രചിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.