അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരുടെ എണ്ണം 294 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരുടെ എണ്ണം 294 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

കൊല്ലപ്പെട്ടവരില്‍ പ്രദേശവാസികളും മെഡിക്കല്‍ വിദ്യാര്‍ഥികളും

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരണം. 265 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ഉടന്‍ ഡിഎന്‍എ സാമ്പിളുകള്‍ നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുന്നൂറ് സാമ്പിളുകളാണ് ഇതുവരെ ലഭിച്ചത്.

അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളും മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ഥികളെ കൂടാതെ ചില വിദ്യാര്‍ഥികളെ കാണാതായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്റര്‍ അകലെ ജനവാസ കേന്ദ്രത്തിലേയ്ക്ക് എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. മേഘാനി നഗറിലെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.

വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ട് പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും യു.കെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരും ഉള്‍പ്പെടും.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നത്. പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചിരുന്നെങ്കിലും സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്ന് പറക്കാനാവാതെ താഴ്ന്നുവന്ന് മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിന് മുകളില്‍ പതിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.