ടെല്‍ അവീവ്: ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കരാര്‍ ലംഘിച്ച് ഇറാന്‍ മിസൈലാക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന ആരോപിച്ചു. ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് നിര്‍ദേശം നല്‍കി.
കരാര്‍ ലംഘനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് നടത്തിയ പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടലിന് ശേഷം ഇന്ന് രാവിലെയാണ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
പിന്നാലെ ഇസ്രയേല്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം വന്നിട്ടുണ്ടായിരുന്നില്ല.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.