വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കേ പുതിയ ഡിമാന്റുമായി അമേരിക്ക. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം. ചൈനയോടും അമേരിക്ക ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഇല്ലെങ്കില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്. യു.എസ് സെനറ്റില്‍ ഇതിനുള്ള ബില്ല് കൊണ്ടുവരുമെന്നാണ് സൂചന.
ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാര്‍ ഏതാനും ദിവസങ്ങള്‍ക്കകം ഒപ്പിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തതിന് പിന്നാലെയാണ് അമേരിക്ക പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സെനറ്റില്‍ അവതരിപ്പിക്കുന്ന ബില്ലിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുമുണ്ടെന്നാണ് പറയുന്നത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം, ഡെമോക്രാറ്റ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്രുമെന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ബില്ല് സെനറ്റില്‍ കൊണ്ടു വരുന്നത്.
ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ഉദേശത്തിലാണ് ബില്‍ കൊണ്ടു വരുന്നതെന്നാണ് സൂചന. വരുന്ന ഓഗസ്റ്റില്‍ ബില്‍ സെനറ്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയും ചൈനയുമാണ് റഷ്യന്‍ എണ്ണയുടെ 70 ശതമാനവും വാങ്ങുന്നത്. അങ്ങനെയുള്ളവര്‍ അമേരിക്കയില്‍ അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ ഉയര്‍ന്ന നികുതി നല്‍കുക തന്നെ വേണമെന്ന് ലിന്‍ഡ്സെ ഗ്രഹാം പറയുന്നു. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ ഇന്ത്യയും ചൈനയും റഷ്യയെ സഹായിക്കുകയാണെന്നും സെനറ്റര്‍ ആരോപിച്ചു.
ബില്‍ നിയമം ആയാല്‍ ഇന്ത്യയുടെ ഫാര്‍മ, ടെക്സ്‌റ്റൈല്‍, ഐടി മേഖലകളെ സാരമായി ബാധിക്കും. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
2022 ല്‍ റഷ്യ നടത്തിയ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.