പ്യോങ്‌യാങ്: ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഉത്തര കൊറിയ കൂടുതല്‍ സൈനികരെ അയക്കും. റഷ്യയ്ക്കൊപ്പമുള്ള തങ്ങളുടെ സൈനിക സാന്നിധ്യം മൂന്നിരട്ടി വരെ വര്‍ധിപ്പിക്കാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി മുപ്പതിനായിരത്തോളം സൈനികരെ റഷ്യയിലേക്ക് അയക്കാനായുള്ള നീക്കം തുടങ്ങിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വരും മാസങ്ങളില്‍ ഉത്തര കൊറിയയില്‍ നിന്നുള്ള സൈനികരുടെ പുതിയ സംഘം റഷ്യയിലെത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പുതുതായി എത്തുന്ന ഉത്തര കൊറിയന്‍ സൈനികര്‍ക്കുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യാന്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ഉക്രെയ്ന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ മേഖലകളിലായിരിക്കും പുതുതായി വരുന്ന ഉത്തര കൊറിയന്‍ സൈനികരെ വിന്യസിച്ചേക്കുകയെന്നാണ് സൂചന. ഉത്തര കൊറിയന്‍ സേനാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മേഖലയില്‍ വലിയ രീതിയിലുള്ള ഓപ്പറേഷനുകള്‍ക്കാണ് റഷ്യന്‍ സേന പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നേരത്തേ ഉക്രെയ്ന്‍ അധിനിവേശ സമയത്ത് റഷ്യയെ സഹായിക്കാനായി ഉത്തര കൊറിയ 11,000 സൈനികരെ അയച്ചിരുന്നു. എന്നാല്‍, ഇതില്‍ നാലായിരത്തോളം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വികാരാധീനനായിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഈസ്റ്റ് പ്യോങ്‌യാങിലെ ഗ്രാന്‍ഡ് തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചത്.
ചടങ്ങില്‍ കിം ജോങ് ഉന്നും സന്നിഹിതനായിരുന്നു. അദേഹം സൈനികരുടെ മൃതദേഹങ്ങളില്‍ രാജ്യത്തിന്റെ പതാക പുതപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടെ വീഡിയോയിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണുന്നതിനിടെയാണ് കിം കണ്ണീരണിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.