ബിജെപിക്ക് വനിതാ നേതൃത്വം വരുമോ?.. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് ദക്ഷിണേന്ത്യന്‍ വനിതകള്‍ പരിഗണനയില്‍

ബിജെപിക്ക് വനിതാ നേതൃത്വം വരുമോ?.. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് ദക്ഷിണേന്ത്യന്‍ വനിതകള്‍ പരിഗണനയില്‍

ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍, നിര്‍മല സീതാരാമന്‍.

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പ്രഥമ പരിഗണനയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ കേന്ദ്രമന്ത്രിയും ആന്ധ്രാപ്രദേശ് ബിജെപി മുന്‍ അധ്യക്ഷയുമായ ഡി. പുരന്ദേശ്വരി, തമിഴ്‌നാട്ടില്‍ നടന്‍ കമല്‍ ഹാസനെ പരാജയപ്പെടുത്തിയതിലൂടെ ശ്രദ്ധ നേടിയ വാനതി ശ്രീനിവാസന്‍ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ് മൂന്ന് പേരും എന്ന പ്രത്യേകതയുമുണ്ട്. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെന്ന ആശയത്തോട് ആര്‍.എസ്.എസിനും എതിര്‍പ്പില്ല.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നിലവിലെ ദേശീയാധ്യക്ഷന്‍ ജെ.പി നഡ്ഡയുമായും ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരില്‍ സാമ്പത്തിക-വ്യവസായ വകുപ്പ് സഹ മന്ത്രിയായിരുന്നു നിര്‍മല സീതാരാമന്‍.

2017 ല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി. രണ്ടാം മോഡി സര്‍ക്കാരില്‍ സാമ്പത്തിക-കോര്‍പറേറ്റ് കാര്യ മന്ത്രിയായിരുന്നു തമിഴ്‌നാട് മധുര സ്വദേശിയായ നിര്‍മല സീതാരാമന്‍. ഇപ്പോള്‍ കേന്ദ്ര ധനമന്ത്രിയും.

ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ അറിയപ്പെടുന്ന നേതാവാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദഗ്ഗുബാട്ടി പുരന്ദേശ്വരി എന്ന ഡി. പുരന്ദേശ്വരി. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഇന്ത്യന്‍ നിലപാട് വിശദമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളിലേക്കയച്ച പ്രതിനിധി സംഘത്തില്‍ ഇവരുണ്ടായിരുന്നു.

മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന പുരന്ദേശ്വരി മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു. പിന്നീട് ബിജെപിയില്‍ എത്തിയ അവര്‍ രാജമുന്ദ്രി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വാനതി ശ്രീനിവാസന്‍ നിലവില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള എംഎല്‍എയാണ്. മക്കള്‍ നീതിമയ്യം സ്ഥാപിച്ച് രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ കമല്‍ ഹാസനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ അവര്‍ പരാജയപ്പെടുത്തിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ വാനതി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 ല്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായി. 2022നല്‍ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലുമെത്തി.

വനിതാ വോട്ടര്‍മാരില്‍ തങ്ങളുടെ സ്വാധീനം വര്‍ധിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബിജെപി ഇത്തവണ വനിതാ പ്രസിഡന്റിനെ പരിഗണിക്കുന്നത് എന്നാണ് വിവരം. 2023 ല്‍ വനിതാ സംവരണ ബില്‍ പാസാക്കിയതും വനിതാ രാഷ്ട്രപതിയെ നിയമിച്ചതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.