ടെഹ്റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ 16 ന് ഉണ്ടായ ആക്രമണത്തിലാണ് പെസെഷ്‌കിയാന് നേരിയ തോതില്‍ പരിക്കേറ്റത്. ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സ് ന്യൂസ് വ്യക്തമാക്കി.
ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പെസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും അദേഹത്തിന്റെ കാലിന് പരിക്ക് പറ്റുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചില ഉദ്യോഗസ്ഥര്‍ക്കും നിസാര പരിക്കേറ്റിരുന്നു. പെസെഷ്‌കിയാനെ കൂടാതെ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ മൊഹ്സേനി എജെയ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ബെയ്റൂട്ടില്‍ വെച്ച് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ കൊലപ്പെടുത്തിയതിന് സമാനമായ ആക്രമണമാണ് പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആറ് മിസൈലുകളാണ് പസെഷ്‌കിയാന്‍ ഉണ്ടായിരുന്ന കെട്ടിടത്തില്‍ പതിച്ചത്.
വായു പ്രവാഹം തടഞ്ഞ് വിഷപ്പുക നിറച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍, കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഒരു രഹസ്യ പാതയുണ്ടായിരുന്നതിനാല്‍ പ്രസിഡന്റിനും മറ്റുള്ളവര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചു. ഇത്രയേറെ കൃത്യതയോടെ ആക്രമണം നടത്തിയതിന് പിന്നില്‍ ഇറാനില്‍ നുഴഞ്ഞു കയറിയ ഒരു ചാരന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ വിലയിരുത്തല്‍.
തന്നെ വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചെന്ന് മസൂദ് പെസെഷ്‌കിയാന്‍ നേരത്തെ ആരോപിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേല്‍ സൈന്യം ഇറാനിലെ നിരവധി ഉന്നത സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.