പാര്‍ക്കിങ് ഫീസ് ഒരു ദിവസം 26,261 രൂപ; അറ്റകുറ്റപ്പണി പൂര്‍ത്തിയായ ബ്രിട്ടീഷ് നാവികസേനാ വിമാനം 22 ന് മടങ്ങും

പാര്‍ക്കിങ് ഫീസ് ഒരു ദിവസം 26,261 രൂപ; അറ്റകുറ്റപ്പണി പൂര്‍ത്തിയായ ബ്രിട്ടീഷ് നാവികസേനാ വിമാനം 22 ന് മടങ്ങും

തിരുവനന്തപുരം: ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധ വിമാനമായ എഫ്-35 22 ന് മടങ്ങും. 35 ദിവസത്തോളമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലാണ്. യുകെയിലേക്ക് പോകുക മിഡില്‍ ഈസ്റ്റ് വഴിയാകും.

അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35 ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 14 ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

അതേസമയം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് എഫ്-35 ഇവിടെ കുടുങ്ങിയതോടെ കോളടിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിനാണ്. അറ്റകുറ്റപ്പണിക്കും മറ്റുമായി ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനത്തിന് പാര്‍ക്കിങ് ഫീ നല്‍കേണ്ടതുണ്ട്. 26,261 രൂപയാണ് ബ്രിട്ടീഷ് ജെറ്റിന്റെ പ്രതിദിന പാര്‍ക്കിങ് ഫീസ്. ഇത്തരത്തില്‍ ജൂണ്‍ 14 മുതല്‍ മുതല്‍ 35 ദിവസത്തേക്ക് ഏകദേശം 9.19 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങിനെ (ഐഡിഡബ്ല്യുആര്‍) ഉദ്ധരിച്ച് സിഎന്‍ബിസി-ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

22 ദിവസം വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലായിരുന്ന വിമാനം ഇപ്പോള്‍ വിമാന അറ്റകുറ്റപ്പണി നടത്തുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങര്‍ യൂണിറ്റിലാണ്. യുദ്ധവിമാനം പരിശോധിക്കാനും അറ്റകുറ്റപ്പണിക്കുമായി ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ 24 പേരടങ്ങുന്ന വിദഗ്ധസംഘം ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയിരുന്നു.

ബ്രിട്ടീഷ് സൈനികരുടെ കനത്ത കാവലില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. നിലവില്‍ രണ്ടാം ഹാങ്ങറിലുള്ള സുരക്ഷാ ജീവനക്കാരെ ഒഴിവാക്കിയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. 110 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.