ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രധാനമന്ത്രി ഷിഗേറു ഇഷിബ; ജപ്പാന്‍ ഭരണ പ്രതിസന്ധിയിലേക്ക്?

ഇരുസഭകളിലും  ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രധാനമന്ത്രി ഷിഗേറു ഇഷിബ; ജപ്പാന്‍ ഭരണ പ്രതിസന്ധിയിലേക്ക്?

ടോക്യോ: ജപ്പാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉപരിസഭയില്‍ ഭൂരിപക്ഷം നേടാനാകാതെ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ഭരണ സഖ്യം. ഇതോടെ ജപ്പാന്‍ ഭരണ പ്രതിസന്ധിയിലേക്ക് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇഷിബയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും സഖ്യ കക്ഷിയായ കൊമൈറ്റോയും ഭൂരിപക്ഷം നിലനിര്‍ത്താന്‍ നിലവിലുള്ള 75 സീറ്റുകള്‍ക്കു പുറമേ 50 സീറ്റുകള്‍ കൂടി നേടേണ്ടിയിരുന്നു. സഖ്യത്തിന് 47 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. 248 സീറ്റുകളാണ് ഉപരിസഭയില്‍ ആകെയുള്ളത്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന അധോസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുസഭകളിലും ന്യൂനപക്ഷമായ ഇഷിബയുടെ സഖ്യത്തിന് ഈ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 1955 ല്‍ പാര്‍ട്ടി സ്ഥാപിതമായതിന് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും എല്‍ഡിപിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്നത് ഇതാദ്യമാണ്.

യുഎസുമായുള്ള വ്യാപാര കരാര്‍, കുടിയേറ്റം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ ആശങ്ക വര്‍ധിച്ചു വരുന്ന സമയത്തായിരുന്നു നിര്‍ണായകമായ തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റെങ്കിലും അമേരിക്കയുടെ നികുതി ഭീഷണി അടക്കമുള്ള വെല്ലുവിളികളെ നേരിടാമെന്ന പ്രതീക്ഷയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ഇഷിബ. പക്ഷേ, സ്ഥാനമൊഴിയാനോ മറ്റൊരു സഖ്യകക്ഷിയെ കണ്ടെത്താനോ ഇഷിബയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

രാജ്യത്തെ ഒന്നാം നമ്പര്‍ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റുകയും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ഇഷിബ വിലക്കയറ്റം ചെറുക്കുന്നതിനുള്ള തന്റെ സര്‍ക്കാരിന്റെ നടപടികള്‍ എല്ലാവരിലേക്കും എത്താത്തതാണ് സഖ്യത്തിന് തിരിച്ചടിയായതെന്നും വ്യക്തമാക്കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.