ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; നടന്നത് ഭരണഘടന നല്‍കുന്ന അവകാശ ലംഘനം; കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ എംപിമാര്‍

 ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; നടന്നത് ഭരണഘടന നല്‍കുന്ന അവകാശ ലംഘനം; കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ എംപിമാര്‍

ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ദുര്‍ഗിലെ വിചാരണ കോടതി തള്ളിയത്. ഉടന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷക അറിയിച്ചു.

അതേസമയം കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി, റോജി എം. ജോണ്‍  എംഎല്‍എ എന്നിവരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ സന്ദര്‍ശനാനുമതി ലഭിച്ചിരുന്നു.

പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ജയില്‍ സൂപ്രണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ച് അനുമതി നിഷേധിച്ചതായും അനുമതി നല്‍കുന്ന കാര്യം നാളെ പരിഗണിക്കാമെന്ന് പറഞ്ഞതായും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

അതേസമയം ബിജെപി നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നു വന്ന സംഘത്തിന് കന്യാസ്ത്രീമാരെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചതായും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പിന്നീട് എംപിമാര്‍ പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ലഭിച്ചതും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ ആണ് ബിജെപി നേതൃത്വം ഛത്തീസ്ഗഢിലേക്ക് ചര്‍ച്ചകള്‍ക്കായി അയച്ചത്. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ജയിലിലെത്തിയിരുന്നു. ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് കാണാന്‍ കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിക്ക് അതിനോടുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.

വേദനാജനകമായ കാര്യങ്ങളാണ് കന്യാസ്ത്രീകള്‍ പറയുന്നത്. മൂന്ന് കോണ്‍വെന്റുകളിലേക്ക് ജോലിക്കായി കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെ എല്ലാ രേഖകളും അവരുടെ കൈയിലുണ്ടായിരുന്നു. കുട്ടികളുടെയും അവരുടെ രക്ഷകര്‍ത്താക്കളുടെയും അനുമതിയോടെയാണ് അവരെ കൊണ്ടുപോയതെന്നും സിസ്റ്റര്‍മാര്‍ പറഞ്ഞു. എല്ലാവരും പ്രായപൂര്‍ത്തിയായവരാണ്. ഒരു പ്രകോപനവും ഇല്ലാതെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. കന്യാസ്ത്രീകള്‍ക്ക് നേരെ മോശം പദംപ്രയോഗം നടത്തുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.

പൊലീസ് നോക്കിനില്‍ക്കെയാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യല്‍ നടത്തിയത്. മനപൂര്‍വം കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കെതിരെയുള്ള നീക്കമാണ് നടന്നതെന്നും സന്ദര്‍ശനത്തിന് ശേഷം ബെന്നി ബെഹനാന്‍ പറഞ്ഞു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.