കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം: നീതിപൂര്‍വകമായ അന്വേഷണം വേണമെന്ന് റായ്പൂര്‍ അതിരൂപത

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം: നീതിപൂര്‍വകമായ അന്വേഷണം വേണമെന്ന് റായ്പൂര്‍ അതിരൂപത

റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരള ബിജെപി പ്രതിനിധികള്‍ ഛത്തീസ്ഗഡിലെത്തി. ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാന്‍ ശ്രമിക്കുമെന്നാണ് വിവരം. നീതി പൂര്‍വകമായ ഇടപെടല്‍ ഉണ്ടാവാന്‍ ശ്രമിക്കുമെന്നും ഇപ്പോള്‍ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നുമാണ് അനൂപ് ആന്റണി പറഞ്ഞത്.

അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി പ്രതിനിധിയുടെ വരവ് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് ആവിശ്യപ്പെടണമെന്ന് ഛത്തീസ്ഗഡിലെ വൈദികര്‍ ആവശ്യപ്പെട്ടു. കേരള ബിജെപി പ്രതിനിധി ഇവിടെയുള്ളവരുടെ തെറ്റിദ്ധാരണ നീക്കാന്‍ ഇടപെടണമെന്നും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന റായ്പൂര്‍ അതിരൂപത വൈദികന്‍ ഫാ. സാബു ജോസഫ് പറഞ്ഞു.

കന്യാസ്ത്രീകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെയുള്ളവരെ ബോധ്യപ്പെടുത്താന്‍ ആണ് ഇടപെടേണ്ടത്. വരുന്ന ആള്‍ക്ക് കന്യാസ്ത്രീകളെക്കുറിച്ച് ബോധ്യം ഉണ്ടെന്നാണ് പ്രതീക്ഷ. മനുഷ്യക്കടത്ത് നടന്നു എന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ പ്രതികരണം വളരെ നേരത്തെ ആയിപ്പോയെന്നും സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആണ് നടക്കേണ്ടതെന്നും കൃത്യമായ അന്വേഷണം നടന്നാല്‍ സത്യം പുറത്തു വരുമെന്നും ഫാ. സാബു ജോസഫ് പറഞ്ഞു. തെറ്റിദ്ധാരണ മാറ്റാന്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ ഇടപെടണമെും ഇടപെടണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് സഭാ നേതൃത്വം. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയെ കാണും. വിവരങ്ങള്‍ ശേഖരിക്കും. ശേഷം കന്യാസ്ത്രീകളെ കാണുന്നതില്‍ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു.

കന്യാസ്ത്രീകള്‍ക്ക് നിയമ സഹായം നല്‍കുമോ എന്നതില്‍ ബിജെപി പ്രതിനിധി നിലപാട് വ്യക്തമാക്കിയില്ല. അതിനിടെ പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡില്‍ എത്തിയിട്ടുണ്ട്. ബെന്നി ബഹനാന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് എത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വളരെ നേര്‍ത്തെ നിഗമനത്തില്‍ എത്തിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് ബിജെപിയുടെ അജണ്ടയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലേ എന്നും ഫ്രാന്‍സിസ് ജോര്‍ജും പ്രതികരിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.