വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പോകരുത്; അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

വംശീയ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പോകരുത്; അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ഡബ്ലിന്‍: ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ എംബസി അയര്‍ലന്‍ഡിലെ അധികാരികളുമായി ബന്ധപ്പെട്ട് വരികയാണ്. അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ എടുക്കണം. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ വംശജനായ സംരംഭകനും സീനിയര്‍ ഡാറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ വെച്ച് ഒരു കൂട്ടം കൗമാരക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവെച്ച് ആറ് കൗമാരക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സന്തോഷ് യാദവ് ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വിവരിച്ചു. കണ്ണട തട്ടിപ്പറിച്ചു പൊട്ടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അദേഹം ആരോപിച്ചു.

ഡബ്ലിനിലുടനീളം വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് അദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഡബ്ലിനിലുടനീളം ഇന്ത്യക്കാര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. എന്നിട്ടും സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു. ഈ കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെന്നും അദേഹം പറഞ്ഞു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.