ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്(79) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ആര്‍.കെ പുരത്തെ വസതിയിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം നാളെ ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും.

1970 കളില്‍ എംഎല്‍എ ആയാണ് സത്യമാല്‍ മാലിക് പാര്‍ലമെന്ററി ജീവിതം ആരംഭിച്ചത്. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അരനൂറ്റാണ്ടിനിടെ അദേഹം നിരവധി പാര്‍ട്ടികള്‍ മാറിമാറി ചേര്‍ന്നു. പടിഞ്ഞാറന്‍ യുപിയിലെ ബാഗ്പത് സ്വദേശിയായ മാലിക് ചൗധരി ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളിന്റെ സീറ്റിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

1980 ല്‍ ലോക്ദള്‍ അദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. എന്നാല്‍ 1984 ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 1986 ല്‍ രാജ്യസഭയിലെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്തയാളായിരുന്നു മാലിക്ക്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ ഗവര്‍ണറായിരിക്കേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കുറ്റപ്പെടുത്തി അദേഹം രംഗത്തെത്തിയതോടെ ബന്ധത്തില്‍ വിള്ളല്‍ വീണു.

നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചത് സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യം മോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് പുറത്തു വിടരുതെന്ന് നിര്‍ദേശിച്ചെന്നുമായിരുന്നു മാലിക്കിന്റെ വെളിപ്പെടുത്തല്‍.

2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കാശ്മീരിന്റെ അവസാന ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ചെയ്തത് സത്യപാല്‍ മാലിക് ഗവര്‍ണറായിരിക്കുമ്പോഴാണ്. അതിന്റെ ആറാം വാര്‍ഷികമാണ് ഇന്ന്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.