'വൃത്തികെട്ടവർ രാജ്യത്തേക്ക് തിരിച്ച് പോകൂ'; അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം

'വൃത്തികെട്ടവർ രാജ്യത്തേക്ക് തിരിച്ച് പോകൂ'; അയർലൻഡിൽ ഇന്ത്യൻ വംശജയായ ആറ് വയസുകാരിക്ക് വംശീയാധിക്ഷേപം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി ഇന്ത്യന്‍ വംശജരുടെ പരാതി. വീടിന് പുറത്തുകളിക്കാന്‍ പോയ ആറ് വയസുകാരിയെ കൗമാരക്കാരുടെ ഒരു സംഘം മുഖത്തിടിക്കുകയും 'വൃത്തികെട്ട ഇന്ത്യാക്കാരി
ഇന്ത്യയിലേക്ക് മടങ്ങി പോകു' എന്ന് അശ്ലീല വാക്കുകളുടെ അകമ്പടിയോടെ അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് പരാതി.

മകളായ നിയ നവീനുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് അമ്മയായ മലയാളി നഴ്‌സ് അനുപ അച്യുതന്‍. വീടിന് പുറത്ത് കുട്ടി കളിക്കുമ്പോഴാണ് സംഭവമെന്ന് അനുപ ഐറിഷ് ടൈംസിനോട് പറഞ്ഞു. എട്ട് വര്‍ഷമായി അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന അനുപ സ്വന്തം നാടു പോലെയാണ് ഇവിടം കണക്കാക്കുന്നത്. അടുത്തിടെയാണ് ഐറിഷ് പൗരത്വം കിട്ടിയത്.

എട്ട് വയസുളള പെണ്‍കുട്ടിയും 12 നും 14 വയസിനും  ഇടയില്‍ പ്രായമുള്ള നിരവധി ആണ്‍കുട്ടികളും ചേര്‍ന്നാണ് വംശീയ ആക്രമണം നടത്തിയത്. വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ കില്‍ബാരിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഇവിടെ സമീപകാലത്താണ് കുടുംബം താമസം തുടങ്ങിയത്. മകള്‍ നിയ കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അനുപ. കുറച്ചു സമയത്തേക്ക് 10 മാസം പ്രായമുള്ള മകന്‍ നിഹാന് പാല്‍ കൊടുക്കാന്‍ വേണ്ടി വീടിനുള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ നിയ കരഞ്ഞുകൊണ്ട് ഓടി വീട്ടിലെത്തി. സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അവള്‍ പേടിച്ചിരുന്നു.

'എന്റെ മകളെ അതിനുമുമ്പ് ഞാന്‍ അങ്ങനെ കണ്ടിട്ടില്ല. അവളുടെ കൂട്ടുകാരോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും ആദ്യം ഒന്നു സംസാരിക്കാനായില്ല. നിയയേക്കാള്‍ മുതിര്‍ന്ന ഒരു ആണ്‍കുട്ടി സൈക്കിളിന്റെ വീല്‍ കൊണ്ട് അവളുടെ സ്വകാര്യ ഭാഗത്ത് ഇടിച്ചെന്നും സംഘത്തിലെ അഞ്ചുപേര്‍ അവളുടെ മുഖത്ത് ഇടിച്ചെന്നും കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. ചീത്ത വിളിച്ച ശേഷം, വൃത്തികെട്ട ഇന്ത്യാക്കാരി ഇന്ത്യയിലേക്ക് മടങ്ങിപ്പോ എന്ന് ആക്രോശിച്ചു. അവളുടെ കഴുത്തില്‍ ഇടിച്ചെന്നും മുടി പിടിച്ച് തിരിച്ചെന്നും അവള്‍ ഇന്ന് എന്നോടുപറഞ്ഞു.'- അമ്മ പറഞ്ഞു.

അതേസമം ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യന്‍ ഏംബസി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഏംബസി മുന്നറിയിപ്പ് നല്‍കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.