ആദായ നികുതി ബില്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍; പുതുക്കിയ പതിപ്പ് ഈ മാസം 11 ന്

ആദായ നികുതി ബില്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍; പുതുക്കിയ പതിപ്പ് ഈ മാസം 11 ന്

ന്യൂഡല്‍ഹി: ആദായനികുതി ബില്‍ പിന്‍വലിച്ചു. ഫെബ്രുവരിയില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലാണ് പിന്‍വലിച്ചത്. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം പുതുക്കിയ പതിപ്പ് പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയെ അറിയിച്ചു. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഈ മാസം 11 ന് അവതരിപ്പിക്കും.

ബില്ലിന്റെ ഒന്നിലധികം പതിപ്പുകള്‍ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തിയ വ്യക്തവും പുതുക്കിയതുമായ പതിപ്പ് പുറത്തിറക്കുന്നതെന്നാണ് വിശദീകരണം. ഫെബ്രുവരി 13 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്ലില്‍ ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്ട് കമ്മിറ്റി വിപുലമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായ നികുതി നിയമത്തിന് പകരമായി കൊണ്ടു വന്ന ബില്ലാണിത്. നാലായിരത്തോളം ഭേദഗതികള്‍ ഇതുവരെ ഉണ്ടായിട്ടുണ്ട്.

പുതിയ ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ഫെബ്രുവരിയില്‍ തന്നെ ഇത് സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. 31 അംഗ സെലക്ട് കമ്മിറ്റിയാണ് പരിശോധിച്ചത്. ജൂലൈ 21 നാണ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 285 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

പുതിയ നിയമത്തില്‍ ഓരോരുത്തരുടെയും നികുതി ബാധ്യത വിവരങ്ങള്‍ ഫയല്‍ ചെയ്യേണ്ട തിയതിക്ക് ശേഷവും പിഴ ഈടാക്കാതെ ടിഡിഎസ് റീഫണ്ട് ക്ലെയിം ചെയ്യാന്‍ അനുവദിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മത-ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നല്‍കുന്ന അജ്ഞാത സംഭാവനകള്‍ക്ക് നികുതി ഇളവ് തുടരുന്ന നിര്‍ദേശം ചര്‍ച്ചയായിരുന്നു. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മത ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് അജ്ഞാത കരങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനാണ് നികുതിയിളവ് അനുവദിച്ച് നല്‍കിയിരുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്ല്. നിലവില്‍ പാര്‍ലമെന്റിന്റെ അനുവാദം വാങ്ങിക്കേണ്ട കാര്യങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.