സിഡ്നി: കത്തോലിക്കാ വിശ്വാസം പ്രഘോഷിച്ച് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ്. പാർലമെന്റ് ഹൗസിൽ നടന്ന ക്രിസ്ത്യൻ അലയൻസ് കൗൺസിൽ ഓഫ് എൻഎസ്‌ഡബ്ല്യുവിന്റെ ഉദ്ഘാടന വേളയിലാണ് പൊതുജീവിതത്തിന് ക്രിസ്തുമതം നൽകിയ സംഭാവനകളെക്കുറിച്ച് പ്രീമിയർ സംസാരിച്ചത്.
എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിലും ഐക്യവും കൂട്ടായ്മയും വളർത്തിയെടുക്കാനും വിശ്വാസം സമൂഹം സംസ്കാരം എന്നിവയിലൂടെ ക്രിസ്തുമതത്തിന്റെ പ്രസക്തി പുതുക്കാനും ശ്രമിക്കുന്നതിനായി രൂപീകരിച്ച ഒരു സംഘടനയാണ് ക്രിസ്ത്യൻ അലയൻസ് കൗൺസിൽ ഓഫ് ന്യൂ സൗത്ത് വെയിൽസ്.
“ കത്തോലിക്കാ വിശ്വാസം ആഘോഷിക്കേണ്ടത് പ്രധാന കാര്യമാണ്. ക്രിസ്തുമതത്തെ പ്രഘോഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ പാർലമെന്റിൽ സേവനമനുഷ്ഠിക്കുന്ന നിരവധി ആളുകൾക്ക് അവരുടെ പ്രചോദനവും ദൃഢനിശ്ചയവും സഹിഷ്ണുതയും ലഭിച്ചത് അവരുടെ ക്രിസ്തീയ വിശ്വാസത്തിൽ നിന്നാണ്.”- പ്രീമിയർ പറഞ്ഞു.
“എന്റെ സ്വന്തം കുടുംബം പോലെ തന്നെ നിരവധി കുടുംബങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. കുട്ടികൾ അവരുടെ ഐപാഡുകളിലും മൊബൈൽ ഫോണുകളിലും ജീവിതം തീർക്കുകയാണ്. അതിനുപരിയായി സ്വയം ജീവിക്കാനും സ്വന്തം താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അവർ പ്രാപ്തരാകണം. വിശ്വാസത്തിലേക്ക് തിരിയുന്നത് വഴി അവർക്ക് അത് സാധ്യമാകുന്നു. “പ്രീമിയർ പറഞ്ഞു.
"നമ്മുടെ ക്രിസ്ത്യൻ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വിശ്വാസങ്ങളുടെ വളർച്ചയിൽ ന്യൂ സൗത്ത് വെയിൽസ് വളരെക്കാലമായി അഭിമാനിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ ശക്തിപ്പെടുത്തുന്നത് നിങ്ങളെല്ലാവരും ചേർന്നാണ്. സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ വിശ്വാസത്തിന്റെ ശക്തിയും അതിന്റെ പ്രാധാന്യവും ഞാൻ നേരിട്ട് കാണുന്നു. ഓരോ ദിവസവും നമ്മുടെ വിശ്വാസ നേതാക്കളുടെ മാർഗനിർദേശം നമ്മെ പ്രതിഫലിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്നു."പ്രീമിയർ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ടോണി ആബട്ട്, പ്രതിപക്ഷ നേതാവ് മാർക്ക് സ്പീക്ക്മാൻ,സിഡ്നിയിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ്, കനിഷ്ക റാഫൽ, ബേസിറ്റി കെയർ ആൻഡ് ചർച്ചിൽ നിന്നുള്ള ആൻഡ്രൂ ഹാർപ്പർ, കിംഗ്ഡം കൾച്ചർ ക്രിസ്ത്യൻ സ്കൂൾ സിഇഒ ബെൻ ഇറവാൻ, ക്രിസ്ത്യൻ അലയൻസ് കൗൺസിലിൽ നിന്നുള്ള പോൾ സെഡ്രാക്ക് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.