ആകെ മൊത്തം ഇരട്ടമയം; ഈ ഇരട്ടകളുടെ നാടിന് ഇരട്ടിപ്പെരുമ

ആകെ മൊത്തം ഇരട്ടമയം; ഈ ഇരട്ടകളുടെ നാടിന് ഇരട്ടിപ്പെരുമ

കാണാന്‍ തന്നെ ഏറെ ഇമ്പമുള്ളതാണ് ഇരട്ടക്കുട്ടികളെ. പലപ്പോഴും അപൂര്‍വ്വങ്ങളായാണ് ഇരട്ടകളെ നാം കാണാറ്. എന്നാല്‍ എവിടെ നോക്കിയാലും ഇരട്ടകളെ കണ്ടാലോ. അതും പല പ്രായത്തിലുള്ള ഇരട്ടകള്‍. ലോകത്ത് അങ്ങനേയും ഉണ്ട് ഒരിടം. ഇരട്ടകളുടെ കാര്യത്തില്‍ ഇരട്ടി പെരുമ കേട്ട നാട്. നൈജീരിയയിലെ ഇഗ് ബൂറ എന്ന സ്ഥലമാണ് ഇത്തരത്തില്‍ ഇരട്ടകള്‍ക്ക് പേരുകേട്ട ഇടം.


ട്വിന്‍ കാപ്പിറ്റല്‍ ഓഫ് ദ് വേള്‍ഡ് എന്നാണ് ഇഗ് ബൂറ അറിയപ്പെടുന്നത് തന്നെ. നിരവധി ഇരട്ടകളുണ്ട് ഈ നാട്ടില്‍. അടുത്തിടെ ജനിച്ച കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെയുണ്ട് ഈ ഇരട്ട ഗണത്തില്‍. ലോകത്തില്‍ തന്നെ ഏറ്റവും അധികം ഇരട്ടകളുള്ളത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്.

നിരവധി ഇരട്ടകള്‍ ഉള്ളതുകൊണ്ടുതന്നെ ഇവിടെ ഇരട്ടകള്‍ക്കായി പ്രത്യേക ഉത്സവം പോലും നടത്തപ്പെടുന്നു. ഇഗ് ബൂറയില്‍ തന്നെ നൂറുകണക്കിന് ഇരട്ടകളുണ്ട്. ഇവര്‍ക്ക് പുറമെ രാജ്യത്തെ മറ്റ് പലയിടങ്ങളില്‍ നിന്നുള്ള ഇരട്ടകളും ഇരട്ടകളുടെ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. പാട്ടു പാടിയും നൃത്തം ചെയ്തുമെല്ലാം ആഘോഷമാക്കുന്നു ഇരട്ടകള്‍ മഹോത്സവത്തെ. പരമ്പരാഗത വസ്ത്രങ്ങളും ആഭംരണങ്ങളുമൊക്കെയാണ് സാധാരണയായി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ അണിയുക.


ഇഗ് ബൂറയിലെ ഇരട്ടകളുടെ ഉത്സവം കാണാനായും പലരും എത്താറുണ്ട്. കാരണം കാഴ്ചയില്‍ തന്നെ ഏറെ കൗതുകം നിറയ്ക്കുന്നതാണ് ഈ മഹോത്സവം. ഒരുപോലെ ഇരിക്കുന്ന രണ്ടുപേര്‍. അങ്ങനെ എത്രയെത്ര ഇരട്ടകള്‍. ഈ ഇരട്ടകളെല്ലാം കൂടിച്ചേരുമ്പോള്‍ ഇരട്ടകളുടെ മഹോത്സവം കൂടുതല്‍ കളര്‍ഫുള്ളാകുന്നു.


ഇരട്ടകളായി ജനിക്കുന്നത് ദൈവം നല്‍കുന്ന ഭാഗ്യസമ്മാനമായാണ് ഇവിടെയുള്ളവര്‍ കണക്കാക്കുന്നത്. മിക്ക വീടുകളിലും ഇരട്ടകളുണ്ട് ഇവിടെ. ഒരു കുടുംബത്തില്‍ തന്നെ മറ്റ് ഇരട്ടകളും മുണ്ടാകും.

അതേസമയം എന്തുകൊണ്ടാണ് ഇഗ് ബൂറയില്‍ ഇത്രയധികം ഇരട്ടകള്‍ ജനിക്കുന്നത് എന്നു ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരമില്ല. ഇവിടുത്തെ സ്ത്രീകളുടെ ഭക്ഷണ രീതിയാണ് ഇത്തരത്തില്‍ ഇരട്ടകളുടെ പിറവിക്ക് കാരണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റു ചിലര്‍ ഈ വാദത്തെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.