മോഡിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണി: സെന്‍സെക്സ് ആയിരം പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

മോഡിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണി: സെന്‍സെക്സ് ആയിരം പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

മുംബൈ: ജിഎസ്ടി നിരക്ക് പരിഷ്‌കരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി വീണ്ടും 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടെടുത്തു. ഓട്ടോ, ബാങ്ക്, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി മുന്നേറിയത്.

ഇന്ത്യയുടെ റേറ്റിങ് ബിബിബി നെഗറ്റീവില്‍ നിന്ന് ബിബിബിയിലേക്ക് ഉയര്‍ത്തിയ എസ് ആന്റ് പി ഗ്ലോബലിന്റെ നടപടിയും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചുള്ള അംഗീകാരം. നിഫ്റ്റി ഓട്ടോ ഓഹരികള്‍ 3.6 ശതമാനം ഉയര്‍ന്നപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.7 ശതമാനവും ബാങ്കിങ് ഓഹരികള്‍ 1.2 ശതമാനവും മുന്നേറി.

ഹീറോ മോട്ടോകോര്‍പ്പ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, എംആന്റ്എം, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. എന്‍ട്രി ലെവല്‍ ടൂവീലര്‍ വാഹനങ്ങള്‍, കോപാക്ട് കാറുകള്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയുമെന്ന റിപ്പോര്‍ട്ടാണ് ഓട്ടോ ഓഹരികളില്‍ പ്രതിഫലിച്ചത്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 20 പൈസയുടെ നേട്ടത്തോടെ 87.39 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. എങ്കിലും ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള തീരുവ സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയാകുമോ എന്നതില്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയായിരിക്കും വിപണിയില്‍ ഇടപെടുക എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.