അമിത രക്തസമ്മര്‍ദ്ദം; അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഐസിയുവില്‍

അമിത രക്തസമ്മര്‍ദ്ദം; അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ഐസിയുവില്‍

കൊളംബോ: സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ ഐസിയുവിലേക്ക് മാറ്റി. അമിത രക്ത സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതുമാണ് റെനിലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം.

കഴിഞ്ഞ ദിവസമായിരുന്നു മുന്‍ പ്രസിഡന്റ് അറസ്റ്റിലായത്. ഭാര്യ പ്രൊഫ. മൈത്രിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ 2023 ല്‍ പ്രസിഡന്റായിരുന്ന കാലത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് പോയി എന്നതായിരുന്നു കേസ്. 2022 ജൂലൈ മുതല്‍ 2024 സെപ്റ്റംബര്‍ വരെയാണ് റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നത്. ആറ് തവണ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ വിക്രമസിംഗെയെ ക്രിമിനല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്ത് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് എഴുപത്താറുകാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു.

2022 നും 2024 നും ഇടയില്‍ വിക്രമസിംഗെ 23 വിദേശ യാത്രകള്‍ക്കായി 600 മില്യണ്‍ രൂപയിലധികം ചെലവഴിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ഗോതബായ രാജപക്സെയ്ക്ക് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റായ വിക്രമസിംഗെ രാജ്യത്തെ 2022 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കര കയറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.