റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ല; ബുധനാഴ്ച മുതല്‍ 50 ശതമാനം താരിഫ് നടപ്പാക്കും: നോട്ടീസ് അയച്ച് അമേരിക്ക

റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ല; ബുധനാഴ്ച മുതല്‍ 50 ശതമാനം താരിഫ് നടപ്പാക്കും: നോട്ടീസ് അയച്ച് അമേരിക്ക

വാഷിങ്ടണ്‍: ഉയര്‍ന്ന ഇറക്കുമതി തീരുവ പ്രാബല്യത്തിലാകാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേ ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടില്‍ അമേരിക്ക. ഓഗസ്റ്റ് 27 മുതല്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഈടാക്കുമെന്ന് വ്യക്തമാക്കി ഇന്ത്യക്ക് നോട്ടീസ് അയച്ചു.

യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് ഇന്ത്യക്ക് നോട്ടീസ് നല്‍കിയത്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യക്ക് നോട്ടീസ്.

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നു എന്ന കാരണത്താല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള തീരുമാനം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.

അതേസമയം എത്ര സമ്മര്‍ദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തോട് പ്രതികരിക്കവേ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു.

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് ലഭിച്ചാലും ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ അറിയിച്ചു.

റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേല്‍ അധിക ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദേഹം പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ സംരക്ഷണം ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.