ബുധനാഴ്ച അര്‍ധരാത്രി 12:01 ന് മുന്‍പ് യു.എസ് വിപണിയിലേക്ക് ക്ലിയറന്‍സ് ലഭിച്ച ഇന്ത്യന്‍ ചരക്കുകളെ 50 ശതമാനം തീരുവയില്‍ നിന്ന് ഒഴിവാക്കും
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യു.എസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12:01 ന് (ഇന്ത്യന്‍ സമയം പകല്‍ ഒന്‍പത്) ആണ് അധിക തീരുവ പ്രാബല്യത്തില്‍ വരിക. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ തീരുവ 50 ശതമാനമായി ഉയരും.
അധിക തീരുവ പ്രാബല്യത്തില്‍ വരുന്നത് സംബന്ധിച്ച കരട് വിജ്ഞാപനം യു.എസ് ആഭ്യന്തരസുരക്ഷാ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യു.എസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും.
അതേസമയം ബുധനാഴ്ച അര്‍ധരാത്രി 12:01 ന് മുന്‍പ് യു.എസ് വിപണിയിലേക്ക് ക്ലിയറന്‍സ് ലഭിച്ചതോ സംഭരണ ശാലകളില്‍ നിന്ന് വിപണികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതോ ആയ ഇന്ത്യന്‍ ചരക്കുകളെയും ഇന്ത്യയില്‍ നിന്ന് കപ്പലില്‍ കയറ്റിയതോ അല്ലെങ്കില്‍ യുഎസിലേക്ക് പുറപ്പെട്ടിരിക്കുന്നതോ ആയ ചരക്കുകളെയും 50 ശതമാനം തീരുവയില്‍ നിന്ന് ഒഴിവാക്കും. ട്രാന്‍സ് ഷിപ്പ്മെന്റ് വിവരങ്ങള്‍ യു.എസ് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ സാക്ഷ്യപ്പെടുത്തിയാലാണ് ഈ ഇളവ് ലഭിക്കുക.
ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായിട്ടാണ് വ്യാപാര പങ്കാളിയായ ഇന്ത്യക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്നതെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ റഷ്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ അമേരിക്ക ഇറക്കുമതി ചെയ്യുന്നത് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതെയാണ് ഇന്ത്യയ്ക്ക് മേല്‍ അധിക നികുതി ചുമത്തിയത്.
എന്നാല്‍ അമേരിക്കയുടെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്നും റഷ്യയുമായുള്ള വ്യാപാരം തുടരുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ വ്യക്തമാക്കി. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉല്‍പാദകരുടെയും താല്‍പര്യം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യക്തമാക്കിയിട്ടുണ്ട്.
അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകള്‍ക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നേക്കും. ട്രംപിന്റെ തീരുവ വര്‍ധനയ്ക്ക് പ്രതികാരമായി യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
വസ്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകല്‍ ഉല്‍പന്നങ്ങള്‍, ചെരിപ്പ്, മൃഗങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വര്‍ധന കൂടുതല്‍ ബാധിക്കുക.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.