വാഷിങ്ടണ്‍: അമേരിക്കയിലെ മിനിയാപൊളിസിലുള്ള കാത്തലിക്ക് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനും നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ വെടിവയ്പ്പു നടത്തിയ അക്രമിയുടെ ആയുധങ്ങളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍.
പ്രതി റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്.
ഈ തോക്കുകളില്‍ 'ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കണം'എന്ന് അര്‍ഥം വരുന്ന 'ന്യൂക്ക് ഇന്ത്യ' എന്നും 'ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക' എന്നും എഴുതിയിട്ടുണ്ട്. 'ഡൊണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ കൊല്ലണം', 'ഇസ്രയേല്‍ തകരണം', 'ഇസ്രയേലിനെ ചാമ്പലാക്കണം' എന്നീ വാക്കുകളും ഇയാളുടെ തോക്കുകളില്‍ എഴുതിയിരുന്നു.
'നിങ്ങളുടെ ദൈവം എവിടെ', 'കുട്ടികള്‍ക്ക് വേണ്ടി' എന്നിവയും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്. വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. യു.എസ് ആക്ടിവിസ്റ്റായ ലോറ ലൂമറാണ് ഇതിന്റെ ചിത്രങ്ങളടക്കം പുറത്തു വിട്ടത്.

അക്രമി ഉപയോഗിച്ച റൈഫിളില്‍ 'ആറ് ദശലക്ഷം മതിയാവില്ല' എന്നും എഴുതിയിട്ടുണ്ട്. രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് നാസികള്‍ ഏകദേശം ആറ് ലക്ഷം യൂറോപ്യന്‍ ജൂതന്മാരെ കൊന്നൊടുക്കിയ വംശഹത്യയായ ഹോളോകോസ്റ്റിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ വാചകം എന്നാണ് കരുതുന്നത്.
റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് കത്തോലിക്കരോടും ഇന്ത്യയോടും ഇത്രയധികം വിരോധം തോന്നാന്‍ കാരണമെന്തെന്ന് വ്യക്തമല്ല.
മിനിയാപൊളിസിലെ അനണ്‍സിയേഷന്‍ കാത്തലിക് സ്‌കൂളിലാണ് ഇവിടത്തെ മുന്‍ വിദ്യാര്‍ഥി കൂടിയായ റോബിന്‍ വെസ്റ്റ്മാന്‍ ആക്രമണം നടത്തിയത്. രാവിലെ പ്രാര്‍ത്ഥനയ്ക്കിടയിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ റോബിന്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചത്.
ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോബിനും കൊല്ലപ്പെട്ടു. നാനൂറോളം വിദ്യാര്‍ഥികളാണ് അനണ്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ പഠിക്കുന്നത്.
റൈഫിളും ഷോട്ട് ഗണ്ണും പിസ്റ്റളും ഉള്‍പ്പെടെ മൂന്ന് തോക്കുകള്‍ ഉപയോഗിച്ചാണ് റോബിന്‍ വെസ്റ്റ്മാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെ പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നും കരുതുന്നു.
അക്രമത്തെക്കുറിച്ച് അന്വേഷണം തുടരുന്നു. ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ സ്‌കൂളിന്റെയും പരിസരത്തെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.