വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയോടുള്ള സമീപനം അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധനും ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ റിച്ചാര്‍ഡ് വോഫ്.
മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാല്‍ വലിയ തിരിച്ചടിയുണ്ടാകും. മധ്യേഷ്യയിലെ ലെബനോന്‍ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതു പോലെയല്ല ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയോട് പെരുമാറേണ്ടത്.
റഷ്യയുമായി ദീര്‍ഘകാല ബന്ധമുള്ള ഇന്ത്യയ്ക്കെതിരെ താരിഫ് ഭീഷണിയുമായി മുന്നോട്ടു പോകാനാണ് ട്രംപിന്റെ തീരുമാനമെങ്കില്‍ നിങ്ങള്‍ വ്യത്യസ്തമായൊരു എതിരാളിയെയാണ് നേരിടേണ്ടി വരിയെന്നും റിച്ചാര്‍ഡ് വോഫ് പറഞ്ഞു.
റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ റിക് സാന്‍ഷെസുമായി നടത്തിയ സംഭാഷണത്തിലാണ് റിച്ചാര്‍ഡ് വോഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്ത്യയ്ക്കെതിരെ സമ്മര്‍ദ്ദം തുടര്‍ന്നാല്‍ അവര്‍ ബ്രിക്സ് ഉള്‍പ്പെടെയുള്ള സമാന്തര സംഘടനകളോട് കൂടുതല്‍ അടുക്കുന്നതിന് കാരണമാകുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.
ട്രംപിന്റെ താരിഫ് ഭീഷണി മറികടക്കാന്‍ നാല്‍പതോളം രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരക്കരാറിനുള്ള ചര്‍ച്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് വോഫിന്റെ മുന്നറിയിപ്പ്.
പാശ്ചാത്യ ഉപരോധം വന്നപ്പോള്‍ സ്വന്തം ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ റഷ്യ പുതിയ രാജ്യങ്ങളെ കണ്ടെത്തിയതുപോലെ ഇന്ത്യയും ശ്രമിക്കും. യു.എസിന് പകരം ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിക്കും. അത് ബ്രിക്സ് കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ സഹായിക്കും.
ട്രംപിന്റെ നയങ്ങള്‍ ബ്രിക്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു. അങ്ങനെ പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ വിജയകരമായൊരു സംവിധാനമായി ബ്രിക്സ് മാറുമെന്നും റിച്ചാര്‍ഡ് വോഫ് മുന്നറിയിപ്പ് നല്‍കുന്നു.
വ്യാപാര കരാറില്‍ ഒപ്പു വയ്ക്കുന്നതിന് നിര്‍ബന്ധിക്കാനാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ ആദ്യം 25 ശതമാനം നികുതി പ്രഖ്യാപിച്ചത്. ഇതിന് പുറമെ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ച് വീണ്ടും 25 ശതമാനം നികുതി കൂടി ചുമത്തിയത്
ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നയങ്ങള്‍ യു.എസിന് തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍ രംഗത്ത് വരുന്നത്. യു.എന്നിലെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹേലിയും ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ നീക്കം അമേരിക്കയ്ക്ക് ഗുണം ചെയ്യില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.