യെമനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടു

യെമനില്‍ ഇസ്രയേല്‍ വ്യോമാക്രമണം;  പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി   അഹമ്മദ് ഗലേബ് നാസര്‍ അല്‍ റഹാവി

സനാ: യെമനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് ഗലേബ് നാസര്‍ അല്‍ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

യെമന്റെ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഹൂതികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ റഹാവിയും അദേഹത്തിനൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേരും കൊല്ലപ്പെട്ടുവെന്ന് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സനായിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് അല്‍ റഹാവി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍ ജുംഹൂരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അല്‍ റഹാവി കൊല്ലപ്പെട്ടതെന്ന് ഏദന്‍ അല്‍ ഗദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വ്യോമാക്രമണത്തില്‍ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അതിഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അല്‍ കരീം അല്‍ ഖമാരി എന്നിവരും കൊല്ലപ്പെട്ടതായി യൂറോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യെമനില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഭരിക്കുന്നത് ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ്.

തെക്ക് ഏദന്‍ ആസ്ഥാനമായി പ്രസിഡന്റ് റഷാദ് അല്‍-അലിമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരും. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകര സംഘടനകള്‍ ഉള്‍പ്പെടുന്ന ഇസ്രയേല്‍ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂതികള്‍.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നത്. വ്യാഴാഴ്ച നടന്ന ആക്രമണം ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ ഒരു യോഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഹൂതികള്‍ ഇസ്രയേലിനെതിരെ യുദ്ധത്തില്‍ പങ്കു ചേര്‍ന്നിരുന്നു. ഇസ്രയേലിലേക്ക് മിസൈലുകള്‍ അയക്കുകയും ഇസ്രയേലുമായി ബന്ധമുള്ള അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള ചരക്ക് കപ്പലുകല്‍ ഹൂതികള്‍ ചെങ്കടലില്‍ മുക്കുകയും ചെയ്തിരുന്നു. ഇസ്രയേലും അമേരിക്കയും ഹൂതികള്‍ക്കെതിരെ പല തവണ വ്യോമാക്രമണം നടത്തിയിട്ടുണ്ട്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.