കംബോഡിയന്‍ നേതാവ് 'അങ്കിള്‍' ആയപ്പോള്‍ തായ്ലന്‍ഡ് പ്രധാനമന്ത്രിയുടെ കസേര തെറിച്ചു; പുറത്താക്കിയത് ഭരണഘടനാ കോടതി

കംബോഡിയന്‍ നേതാവ് 'അങ്കിള്‍' ആയപ്പോള്‍ തായ്ലന്‍ഡ് പ്രധാനമന്ത്രിയുടെ കസേര തെറിച്ചു; പുറത്താക്കിയത് ഭരണഘടനാ കോടതി

ബാങ്കോക്ക്: തായ്ലന്‍ഡ് പ്രധാനമന്ത്രി പെയ്തോങ്താന്‍ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. കംബോഡിയന്‍ മുന്‍ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് പെയ്തോങ്താനെ പുറത്താക്കിയത്. ധാര്‍മിക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

തായ്ലന്‍ഡില്‍ ശക്തമായ രാഷ്ട്രീയ ചരിത്രമുള്ള ഷിനവത്ര കുടുംബത്തിലെ അംഗമാണ് പെയ്തോങ്താന്‍ ഷിനവത്ര. 2024 ഓഗസ്റ്റിലാണ് അവര്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഒരു വര്‍ഷം മാത്രമാണ് പ്രധാനമന്ത്രി പദവിയിലിരിക്കാന്‍ സാധിച്ചത്. മൂന്നിനെതിരെ ആറ് വോട്ടുകള്‍ക്കാണ് തായ്ലന്‍ഡിലെ ഭരണഘടനാ കോടതി പെയ്തോങ്താനെ പുറത്താക്കിയത്.

കംബോഡിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രിയുമായുള്ള പെയ്തോങ്താന്‍ ഷിനവത്രയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. ജൂണ്‍ 15 ന് ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണം പിന്നീടാണ് പുറത്ത് വരുന്നത്.

മുന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്നിനെ പെയ്തോങ്താന്‍ 'അങ്കിള്‍' എന്ന് വിളിക്കുന്നതും, ഒരു കംബോഡിയന്‍ സൈനികന്റെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തില്‍ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമര്‍ശിക്കുന്നതായും ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാമായിരുന്നു.

പുറത്തുവന്ന സംഭാഷണങ്ങള്‍ തങ്ങളുടേതാണെന്ന് ഇരു നേതാക്കളും സ്ഥിരീകരിക്കുകയും ചെയ്തു. പെയ്തോങ്താനിന്റെ പരാമര്‍ശങ്ങള്‍ തായ്ലന്‍ഡില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. അതിര്‍ത്തി തര്‍ക്കത്തെച്ചൊല്ലി ദേശീയ വികാരം ആളിക്കത്തിയിരുന്നു. പെയ്തോങ്താന്‍ ദേശീയ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന് പരക്കേ ആക്ഷേപമുയര്‍ന്നിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.