ട്രംപിൻ്റെ തീരുവ ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക് ഡിസംബറിൽ എത്തുമെന്ന് റിപ്പോർട്ട്: ഷാങ്ഹായ് ഉച്ചകോടിയിൽ തീരുമാനമുണ്ടാകും

ട്രംപിൻ്റെ തീരുവ ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക് ഡിസംബറിൽ എത്തുമെന്ന് റിപ്പോർട്ട്: ഷാങ്ഹായ് ഉച്ചകോടിയിൽ തീരുമാനമുണ്ടാകും

മോസ്കോ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൻ്റെ പേരിൽ ഇന്ത്യയ്ക്ക് അമേരിക്ക അധിക തീരുവ ചുമത്തിയ സാഹചര്യം തുടരുന്നതിനിടെ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ വൃത്തങ്ങൾ മുൻപ് അറിയിച്ചിരുന്നു.

പുടിൻ്റെ ഇന്ത്യ സന്ദർശവുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ ഇതുവരെ സ്ഥിരികരിച്ചിട്ടില്ലെങ്കിലും റഷ്യൻ പ്രസിഡൻ്റ് വൈകാതെ ഇന്തയിലെത്തുമെന്ന കാര്യം ഉറപ്പാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിൽ എത്താനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.

തിങ്കളാഴ്ച ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുമെന്നും ഡിസംബറിലെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുമെന്നും വിദേശനയ വിഷയങ്ങളിൽ പുടിൻ്റെ ഉപദേശകനായ യൂറി ഉഷാക്കോവ് വാർത്താ ഏജൻസിയായ എഎഫ്‌പി ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2012 മുതൽ വിദേശനയ വിഷയങ്ങളിൽ റഷ്യൻ പ്രസിഡന്റിന്റെ സഹായിയായി സേവനമനുഷ്ഠിച്ച റഷ്യൻ നയതന്ത്രജ്ഞനാണ് യൂറി വിക്ടോറോവിച്ച് ഉഷാകോവ്. 1998 മുതൽ 2008വരെ അദ്ദേഹം അമേരിക്കയിലെ റഷ്യൻ അംബാസഡറായിരുന്നു.

പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുൻപ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ തീയതി സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് റഷ്യയുമായി ഒരു പ്രത്യേക, ദീർഘകാല ബന്ധമുണ്ട്, ആ ബന്ധത്തെ രാജ്യം വിലമതിക്കുന്നുണ്ടെന്ന് ഡോവൽ പറഞ്ഞിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.