ബീജിങ് : ഇന്ത്യയും - അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിങ്
പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാനായി മോഡി ചൈനയിലെത്തിയത്.
ഇന്ത്യൻ ഉൽപ്പനങ്ങൾക്ക് അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയതോടെയാണ് ചൈനീസ് പ്രസിഡന്റുമായി നടത്തുന്ന കൂടിക്കാഴ്ച ഏറെ നിർണായകമാകുന്നത്. ഏഴ് വർഷത്തിനിപ്പുറമാണ് നരേന്ദ്ര മോഡി ചൈനയിലെത്തിയത്. ഗാൽവൻ മേഖലയിലെ സംഘർഷം, ബ്രഹ്മപുത്ര നദീജല തർക്കം, അതിർത്തി ഗ്രാമങ്ങൾക്ക് മേലുള്ള അവകാശ തർക്കം എന്നിവ കലുഷിതമാക്കിയ നാളുകളാണ് കടന്നുപോയത്. ടിക് ടോക് ഉൾപ്പെടെ ആപ്പുകൾ നിരോധിച്ചും സ്വതന്ത്ര വ്യാപരത്തിൽ നിയന്ത്രണമേർപ്പെടുത്തിയുമാണ് ഇന്ത്യ പ്രതികരിച്ചത്.
അമേരിക്ക സൃഷ്ടിക്കുന്ന തീരുവ പ്രതിസന്ധി ലോക രാജ്യങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ മാറ്റിമറിക്കുകയാണ്. പുതിയ വിപണിയും ബന്ധങ്ങളും തേടിയുള്ള യാത്രയിലാണ് ഇന്ത്യ. ജപ്പാനുമായി നടന്ന ചർച്ചയുടെ ഭാഗമായി ആറ് ലക്ഷം കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ചൈനയുമായി ഇന്ത്യ കൈകോർക്കുന്നതോടെ ഏഷ്യയിലെ ഇരട്ട എൻജിൻ നിലവിൽ വരുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫിയാൻഹു പറയുന്നു.
ചൈനയുമായുള്ള സൗഹൃദം സമൃദ്ധിയിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുമെന്ന് മോഡി ജപ്പാനിൽ വ്യക്തമാക്കിയിരുന്നു. മത്സ്യ കയറ്റുമതിയിലടക്കം ചൈനയിൽ ഇന്ത്യ പുതിയ മാർക്കറ്റ് ലക്ഷ്യം വയ്ക്കുന്നുണ്ട്.
ഖനനത്തിനായി സഹായിക്കുന്ന ആധുനിക യന്ത്രങ്ങൾ ചൈനയിൽ നിന്ന് സ്വന്തമാക്കാനും അഗ്രഹമുണ്ട്. കോവിഡിന് ശേഷം മുടങ്ങിപ്പോയ നേരിട്ടുള്ള പാസഞ്ചർ വിമാന സർവീസ് പുനസ്ഥാപിക്കുന്നതടക്കമുള്ള നടപടിയുണ്ടാകും. ചൈനീസ് തുറമുഖ നഗരമായ ടിയാൻജനിലെ ഉച്ചകോടിക്ക് എത്തുന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനുമായി മോഡി നാളെ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം പുടിനുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതെന്ന് മോഡി പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മോഡിയെ അറിയിച്ചതായി സെലെൻസ്‌കിയും എക്സിൽ കുറിച്ചു. റഷ്യൻ തലവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്നും സെലെൻസ്‌കി അറിയിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.