വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചത് എന്നാണ് സള്ളിവന്റെ വെളിപ്പെടുത്തല്‍.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പതിറ്റാണ്ടുകളായി കക്ഷി ഭേദമന്യേ അമേരിക്ക പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാങ്കേതിക വിദ്യ, പ്രതിഭ, സാമ്പത്തികം, ചൈനയുടെ തന്ത്രപരമായ നീക്കങ്ങളെ പ്രതിരോധിക്കല്‍ എന്നിവയില്‍ യു.എസുമായി ഒരുമിച്ച് നില്‍ക്കേണ്ട രാജ്യമാണ് ഇന്ത്യ.
ഈ രംഗത്ത് കാര്യമായ പുരോഗതിയും യു.എസ് കൈവരിച്ചിരുന്നു'- മെയ്ദാസ് ടച്ച് എന്ന യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയ ജെയ്ക് സള്ളിവന്‍ പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ കുടുംബവുമായി ബിസിനസ് ഇടപാടുകളില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന്‍ കാണിക്കുന്ന സന്നദ്ധതയ്ക്കാണ് ട്രംപ് പ്രാധാന്യം കൊടുക്കുന്നത്. ട്രംപ് ഇന്ത്യയുമായുള്ള ബന്ധത്തെ അവഗണിച്ചതിനുള്ള പ്രധാന കാരണവും ഇതാണ്.
നയതന്ത്രപരമായി ഇതൊരു വലിയ തിരിച്ചടിയാണ്. കാരണം അമേരിക്കയുടെ സുപ്രധാനമായ പല താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ ഇന്ത്യ-യു.എസ് പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അദേഹം പറഞ്ഞു.
ഇന്ത്യക്കുമേല്‍ 50 ശതമാനം തീരുവ ചുമത്താനായി വ്യാപാര കമ്മി, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ എന്നിവയാണ് അമേരിക്ക കാരണമായി പറയുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരസ്യമാക്കിയതു പോലെ, നാല് ദിവസം നീണ്ട ഇന്ത്യ-പാക് യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ നുണയെ ഇന്ത്യ തുറന്നു കാട്ടിയതാണ് അമേരിക്കന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.
മറുവശത്ത്, പാകിസ്ഥാന്‍ ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുക മാത്രമല്ല, അദേഹത്തിന്റെ കുടുംബത്തെയും കൂട്ടാളികളെയും തങ്ങളുടെ പുതിയ പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലില്‍ പങ്കാളികളാക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ട്രംപിന്റെ കുടുംബത്തിന്റെ പിന്തുണയുള്ള വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍, പാകിസ്താന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യക്കെതിരെ പാകിസ്ഥാനെ ട്രംപ് അനുകൂലിച്ചതിന്റെ ഫലമായാണ് ഒരു പാകിസ്ഥാനി സംരംഭത്തിലുള്ള ട്രംപ് കുടുംബത്തിന്റെ ഈ പങ്കാളിത്വത്തെ സള്ളിവന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ കാണുന്നത്.
ഇന്ത്യ-യു.എസ് ബന്ധത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ലോകമെമ്പാടുമുള്ള അമേരിക്കയുടെ എല്ലാ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും നേരിട്ടും അല്ലാതെയുമുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുന്നറിയിപ്പ് നല്‍കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.