ഹെല്‍സിങ്കി: ഇന്ത്യയുമായി ബന്ധപ്പെട്ട വിദേശ നയ രൂപീകരണത്തില്‍ ട്രംപിന് മുന്നറിയിപ്പുമായി ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റൂബ്. ഇന്ത്യയോട് കൂടുതല്‍ മാന്യമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ ഈ കളിയില്‍ തോല്‍ക്കുമെന്ന് യു.എസിന് നല്‍കിയ സന്ദേശത്തില്‍ സ്റ്റൂബ് പറഞ്ഞു.
ഇന്ത്യന്‍ ഇറക്കുമതിക്കു മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 50 ശതമാനം തീരുവയെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്റ്റൂബിന്റെ പരാമര്‍ശം.
മാര്‍ച്ചില്‍ ട്രംപിന്റെ ഫ്ളോറിഡയിലുള്ള റിസോര്‍ട്ടില്‍ ഏഴ് മണിക്കൂര്‍ നീണ്ട ഗോള്‍ഫ് കളിക്കിടെയാണ് ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചത്. ഡൊണാള്‍ഡ് ട്രംപിനെ സ്വാധീനിക്കാന്‍ കഴിയുന്ന ചുരുക്കം ചില യൂറോപ്യന്‍ നേതാക്കളില്‍ ഒരാളാണ് സ്റ്റൂബ് എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
'എന്റെ യൂറോപ്യന്‍ സഹ പ്രവര്‍ത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യു.എസിനോടുള്ള എന്റെ സന്ദേശം ഇതാണ്, ഇന്ത്യയെപ്പോലുള്ള ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളോട് കൂടുതല്‍ സഹകരണപരവും മാന്യവുമായ ഒരു വിദേശനയം രൂപപ്പെടുത്തിയില്ലെങ്കില്‍ നമ്മള്‍ ഈ കളിയില്‍ തോല്‍ക്കും'- സ്റ്റൂബ് പറഞ്ഞു.
ചൈനയിലെ ടിയാന്‍ജിനില്‍ അടുത്തിടെ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയെക്കുറിച്ചും അദേഹം പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. നേരിടാന്‍ പോകുന്ന അപായത്തെ കുറിച്ച് ഗ്ലോബല്‍ വെസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക് ഒരു ഓര്‍മപ്പെടുത്തലാണ് ചൈനയില്‍ നടന്ന ഉച്ചകോടിയെന്നും അദേഹം പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.