ടെല്‍ അവീവ്: പാലസ്തീനെ സ്വതന്ത്ര രാഷ്ട്രത്തിന് അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സആര്‍ ആവശ്യപ്പെട്ടു. ഇതു പിന്‍വലിക്കുന്നതുവരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ഇസ്രയേലില്‍ പ്രവേശിപ്പിക്കില്ലെന്നും അദേഹം പറഞ്ഞു.
ഫ്രാന്‍സിന്റെ നീക്കം മേഖലയെ ദുര്‍ബലപ്പെടുത്തുകയും ഇസ്രയേലിന്റെ ദേശീയ, സുരക്ഷാ താല്‍പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതായി സആര്‍ പറഞ്ഞു. ഫ്രാന്‍സുമായി ഇസ്രയേല്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ സുരക്ഷയ്ക്കും ഭാവിക്കും അത്യന്താപേക്ഷിതമായ കാര്യങ്ങളില്‍ ഫ്രാന്‍സ് തങ്ങളുടെ നിലപാടിനെ മാനിക്കണമെന്ന് സആര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പാലസ്തീനെ അംഗീകരിക്കാനുള്ള നീക്കം ഫ്രാന്‍സ് ഉപേക്ഷിക്കുകയാണെങ്കില്‍ മാത്രമേ മക്രോണിന്റെ സന്ദര്‍ശന അഭ്യര്‍ത്ഥന പരിഗണിക്കൂവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യവസ്ഥ വെച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ ഈ ആവശ്യം ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചു.
തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ഇസ്രയേലും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും(പിഎല്‍ഒ) തമ്മിലുള്ള കരാറുകള്‍ക്ക് വിരുദ്ധമാണ് ഇത്തരം നീക്കങ്ങളെന്ന് 'അബു അലി എക്സ്പ്രസിന്' നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞിരുന്നു.
'അവര്‍ ഞങ്ങള്‍ക്ക് നേരെ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിച്ചാല്‍, ഞങ്ങളും അതുപോലെ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കും. ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല' - നെതന്യാഹു പറഞ്ഞു.
അതേസമയം കാര്യങ്ങള്‍ യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് ട്രംപ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായം പറയില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.
പാലസ്തീന്‍ രാഷ്ട്രം ഉണ്ടാകാന്‍ പോകുന്നില്ല. കാരണം, എവിടെയെങ്കിലും ഒരു പത്രസമ്മേളനം നടത്തിയല്ല പാലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാകേണ്ടത്. ഇത് സമാനമായ പ്രതികരണ നടപടികളിലേക്ക് നയിക്കുമെന്നും വെടിനിര്‍ത്തല്‍ കൂടുതല്‍ ദുഷ്‌കരമാക്കുമെന്നും തങ്ങള്‍ പറഞ്ഞിരുന്നതായും മാര്‍ക്കോ റൂബിയോ പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.