കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ യുവ ജനങ്ങള്‍ തെരുവിലിറങ്ങി നടത്തുന്ന പ്രതിഷേധത്തില്‍ ഇതുവരെ 14 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്‌സ് ബുക്ക്, വാട്‌സ്അപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇതേ തുടര്‍ന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള പ്രധാന നഗരങ്ങളില്‍ ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ഇതോടെ സാധാരണ ജനജീവിതം പാടേ സംതംഭിച്ചു.
അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്നാണ് യുവാക്കളുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും ലാത്തി ചാര്‍ജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലും സംഘര്‍ഷത്തിലുമാണ് 14 പേര്‍ മരിച്ചത്.

കഠ്മണ്ഡുവില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്റ് വളഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ നിയമ സഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. പ്രക്ഷോഭം നേരിടാന്‍ പട്ടാളം ഇറങ്ങിയതായി ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നഗരങ്ങളിലെല്ലാം സൈന്യത്തെ ഇറക്കിയിട്ടുണ്ട്. തെരുവുകള്‍ പ്രക്ഷുബ്ധമായി മാറി. സമരക്കാരെ പട്ടാളം നേരിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതുമൂലം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.