സുപ്രീം കോടതി വിധി എതിരായാല്‍ തീരുവയുടെ പകുതിയോളം മടക്കി നല്‍കേണ്ടി വരും: യു.എസ് ട്രഷറി സെക്രട്ടറി

സുപ്രീം കോടതി വിധി എതിരായാല്‍ തീരുവയുടെ പകുതിയോളം മടക്കി നല്‍കേണ്ടി വരും: യു.എസ് ട്രഷറി സെക്രട്ടറി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ സുപ്രീം കോടതി റദ്ദാക്കുന്ന പക്ഷം തീരുവ ഇളവ് അനുവദിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്.

കോടതി നിര്‍ദേശിച്ചാല്‍ തീരുവയുടെ പകുതിയോളം തങ്ങള്‍ മടക്കി നല്‍കേണ്ടി വരുമെന്നും അങ്ങനെ സംഭവിച്ചാല്‍ ട്രഷറിക്ക് ഭീമമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ബെസെന്റ് പറഞ്ഞു.

ഭീമമായ തീരുവകള്‍ ചുമത്തി ട്രംപ് പ്രസിഡന്റിന്റെ അധികാര പരിധി ലംഘിച്ചതായി ഒരു ഫെഡറല്‍ അപ്പീല്‍ കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് ട്രഷറി സെക്രട്ടറിയുടെ പ്രതികരണം. തീരുവകളുടെ കാര്യത്തില്‍ സ്വീകരിക്കാവുന്ന ഒട്ടേറെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവ ട്രംപിന്റെ വിലപേശല്‍ ശേഷി കുറയ്ക്കുമെന്നും ബെസെന്റ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സുപ്രീം കോടതി വിധി എതിരായാല്‍ പോലും തീരുവകള്‍ നടപ്പിലാക്കാന്‍ മറ്റ് നിയമപരമായ അധികാരങ്ങള്‍ ഉണ്ടെന്ന് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസെറ്റ് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ചുമത്തിയ പല തീരുവകളും നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയ കീഴ്‌ക്കോടതി വിധി എത്രയും വേഗം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ട്രംപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ട്രംപിന്റെ നടപടി പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും തീരുവ ചുമത്തുന്നത് യു.എസ് കോണ്‍ഗ്രസിന്റെ അധികാരമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയെ സമീപിക്കാന്‍ ട്രംപിന് സമയം നല്‍കി തങ്ങളുടെ വിധി ഒക്ടോബര്‍ 14 വരെ നടപ്പാക്കുന്നത് അപ്പീല്‍ കോടതി നിര്‍ത്തി വെച്ചിട്ടുണ്ട്. മെയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര വ്യാപാര കോടതി ട്രംപിന്റെ തീരുവകള്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.