പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടതിന് പിന്നാലെ സുപ്രീം കോടതി സമുച്ചയവും അഗ്നിക്കിരയാക്കി. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളും പ്രക്ഷോഭകാരികള്‍ കത്തിച്ചു.
കാഠ്മണ്ഡു: നേപ്പാളില്‍ ആളിപ്പടര്‍ന്ന ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയ്ക്ക് പിന്നാലെ പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു. ഇതോടെ നേപ്പാള്‍ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലായി.
സാമൂഹ്യ മാധ്യമങ്ങളുടെ നിരോധനവും അഴിമതിയിയും ദുര്‍ഭരണവും ചൂണ്ടിക്കാട്ടി യുവതലമുറ പ്രക്ഷോഭത്തിനിറങ്ങി രണ്ടാം ദിവസമാണ് രാജ്യത്തെ ഭരണ തലവന്‍മാരായ പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചിരിക്കുന്നത്.
ജെന്‍ സികളെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭകര്‍ കര്‍ഫ്യൂ അടക്കമുള്ള എല്ലാ വിലക്കുകളും ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നത് തുടരുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിവാദപരമായ നിരോധനമാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രക്ഷോഭങ്ങള്‍ രക്ത രൂക്ഷിതമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നിരോധനം പിന്‍വലിച്ചിരുന്നു.
പ്രക്ഷോഭത്തില്‍ ഇതുവരെ 22 പേര്‍ മരിച്ചതായാണ് വിവരം. പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടതിന് പിന്നാലെ സുപ്രീം കോടതി സമുച്ചയവും അഗ്നിക്കിരയാക്കി. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളും പ്രക്ഷോഭകാരികള്‍ കത്തിച്ചു.

ബാലേന്ദ്ര ഷാ
അതിനിടെ നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പ്രധാനമന്ത്രിയായി കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ ചുമതലയേല്‍ക്കണമെന്നും ആവശ്യപ്പെട്ട് ജെന്‍ സി പ്രക്ഷോഭകര്‍ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ തുടങ്ങി. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
പാര്‍ട്ടി പിന്‍ബലമില്ലാതെ സ്വതന്ത്രനായി രാഷ്ട്രീയത്തിലെത്തിയ സിവില്‍ എന്‍ജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. 'ബലെന്‍' എന്ന പേരിലാണ് ബാലേന്ദ്ര ഷാ യുവാക്കള്‍ക്കിടയിലും സമൂഹ മാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990 ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച അദേഹം ഇന്ത്യയില്‍ നിന്നാണ് സ്ട്രക്ചറല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദം നേടിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.