ദോഹ/ടെല്‍ അവീവ്: ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍.
'ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഭീരുത്വമാര്‍ന്ന ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നു'- ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി അറിയിച്ചു.
ഈ ക്രിമിനല്‍ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുമാണ്.
തങ്ങളുടെ സുരക്ഷയേയും പരമാധികാരത്തെയും ലക്ഷ്യം വെക്കുന്ന ഒരു പ്രവര്‍ത്തനവും വെച്ചു പൊറുപ്പിക്കില്ല. ആക്രമണം സംബന്ധിച്ച് ഉന്നത തലത്തില്‍ അന്വേഷണം പുരോഗമിക്കുകയാണന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്രയേല്‍ പക്ഷേ ഖത്തറിന്റെ പേര് പറയാതെയാണ് പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണന്ന് ഹമാസും അവകാശപ്പെട്ടു.
'ഹമാസിലെ ഉന്നത ഭീകര നേതാക്കള്‍ക്കെതിരായ ഇന്നത്തെ ആക്രമണം പൂര്‍ണമായും സ്വതന്ത്രമായ ഒരു ഇസ്രയേലി സൈനിക നടപടിയായിരുന്നു. അതിന് തുടക്കമിട്ടത് ഇസ്രയേലാണ്, അത് നടത്തിയത് ഇസ്രയേലാണ്, അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഇസ്രയേല്‍ ഏറ്റെടുക്കുന്നു'- നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അനുമതിയോടെയാണ് ഖത്തറില്‍ ഇസ്രയേലിന്റെ ആക്രമണമെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി എത്തിയ നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഹമാസിന്റെ ആരോപണം. ആദ്യമായിട്ടാണ് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തുന്നത്.
ഇതിനിടെ ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തെ സൗദി അറേബ്യയും യുഎഇ അപലപിച്ചു. ഖത്തറിന് പൂര്‍ണ പിന്തുണയെന്ന് യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
ആക്രമണത്തിന് പശ്ചാത്തലത്തില്‍ അമേരിക്കന്‍ എംബസി, പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലെ യു.എസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം. അമേരിക്കന്‍ പൗരന്മാര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും എംബസി അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ മാധ്യസ്ഥ ചര്‍ച്ചകളും നിര്‍ത്തി വെച്ചതായി ഖത്തര്‍ പ്രഖ്യാപിച്ചതായും അറിയുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.