ന്യൂയോര്‍ക്ക്: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി അമേരിക്ക. ഖത്തര്‍ ആക്രമണം ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്ക നല്‍കിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ യു.എസ് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ദോഹയിലെ സാഹചര്യം സുരക്ഷിതമെന്നും പൗരന്മാര്‍ ആശങ്കപെടേണ്ടെന്നും എംബസി അധികൃതര്‍ പറഞ്ഞു.
അതേസമയം ജറുസലേമില്‍ കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പിന്റെ പ്രതികാരമായിട്ടാണ് ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണത്തിന് ഇസ്രയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി.
'ആറ് പേര്‍ കൊല്ലപ്പെട്ട തിങ്കളാഴ്ചത്തെ ജറുസലേം ഭീകരാക്രമണത്തിന്റെയും വടക്കന്‍ ഗാസയില്‍ നാല് സൈനികരുടെ മരണത്തിനിടയാക്കിയ ഇസ്രയേലി ടാങ്കിന് നേരെയുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണത്തിന് തയ്യാറെടുക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേലിന്റെ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞ രാത്രി നിര്‍ദ്ദേശം നല്‍കി'- നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ദോഹയിലെ ഹമാസ് റസിഡന്‍ഷ്യല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം. സംഭവം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഖത്തര്‍ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.