അതിര്‍ത്തി കടന്ന റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് പോളണ്ട്; നാല് വിമാനത്താവളങ്ങള്‍ അടച്ചു, രാജ്യം അതീവ ജാഗ്രതയില്‍

അതിര്‍ത്തി കടന്ന റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് പോളണ്ട്; നാല് വിമാനത്താവളങ്ങള്‍ അടച്ചു, രാജ്യം അതീവ ജാഗ്രതയില്‍

വാഴ്സാ: അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് പോളണ്ട്. ഉക്രെയ്‌ന് നേരേയുള്ള ആക്രമണം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണ് പോളണ്ട് അതിര്‍ത്തിയിലേക്കും ഡ്രോണുകള്‍ എത്തിയത്. റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു.

ഡ്രോണ്‍ ആക്രമണം നടന്നതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്‌സ് സ്ഥിരീകരിച്ചു. പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ ഡ്രോണുകള്‍ തകര്‍ത്തതായും ഓപ്പറേഷന്‍ തുടരുകയാണെന്നും പോളണ്ട് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സെസാറി ടോംസികും മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസിന്റെയും സൈന്യത്തിന്റെയും അറിയിപ്പുകള്‍ പാലിക്കണമെന്നും അദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പോളണ്ട് അതീവ ജാഗ്രതയിലാണ്. തലസ്ഥാനമായ വാഴ്സയിലെ രണ്ടെണ്ണം ഉള്‍പ്പെടെ  നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തിയതിന് പിന്നാലെ പോളണ്ട് സൈനിക വിമാനങ്ങള്‍ സജ്ജമാക്കിയതായി പോളിഷ് സായുധ സേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.

റഡാര്‍ സംവിധാനങ്ങളും സജ്ജമാണ്. സൈനിക നടപടി തുടരുകയാണെന്നാണ് പോളിഷ് സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എല്ലാവരും വീടുകളില്‍ തുടരണമെന്നും സൈന്യം അഭ്യര്‍ഥിച്ചു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്നും പോളിഷ് സായുധ സേന അറിയിച്ചു. ഉക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ പോളണ്ട് ശക്തമായ നിരീക്ഷണം തുടരുകയാണ്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.