കാഠ്മണ്ഡു: ഭരണകൂട അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരേ നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം ഇന്നും തുടരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതു വരെ സമാധാനം ഉറപ്പാക്കാനായി സൈന്യം രാജ്യ വ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.
നിലവിലുള്ള നിരോധനാജ്ഞ ഇന്ന് വൈകുന്നേരം അഞ്ച് വരെ തുടരും. ശേഷം കര്‍ഫ്യൂ നിലവില്‍ വരും. വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. അക്രമ സംഭവങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ സൈനികര്‍ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാനാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്.
കലാപം രൂക്ഷമായ സാഹചര്യത്തില്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഏഴ് ജില്ലകളില്‍ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ശ്രവസ്തി, ബല്‍റാംപുര്‍, ബഹ്റൈച്ച്, പിലിഭിത്ത്, ലഖിംപുര്‍ ഖേരി, സിദ്ധാര്‍ഥ നഗര്‍, മഹാരാജ് ഗഞ്ജ് എന്നീ ജില്ലകളില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനും കര്‍ശന പട്രോളിങിനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചിട്ടില്ലെങ്കിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാ ചുമതലയുള്ള എസ്.എസ്.ബി, സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറുന്നതിനെതിരേ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നേപ്പാളിലെ ഇന്ത്യന്‍ പൗരന്മാര്‍ നിലവിലുള്ള സ്ഥലത്തു തന്നെ തുടരണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേപ്പാളിലെ +977 - 980 860 2881, +977 981 032 6134 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. നേപ്പാളിലെ സാഹചര്യം വിലയിരുത്താല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സുരക്ഷാ മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.