കത്തോലിക്ക വിശ്വാസത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിരന്തര പീഡനം ഏറ്റുവാങ്ങിയ ചൈനീസ് ബിഷപ്പ് അന്തരിച്ചു

കത്തോലിക്ക വിശ്വാസത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിരന്തര പീഡനം ഏറ്റുവാങ്ങിയ ചൈനീസ് ബിഷപ്പ് അന്തരിച്ചു

ബീജിങ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തടവ് ശിക്ഷയും നിരന്തരമായ പീഡനവും അനുഭവിച്ച ചൈനീസ് കത്തോലിക്ക ബിഷപ്പ് പ്ലാസിഡസ് പേ റോങ്ഗുയി തൊണ്ണൂറ്റൊന്നാം വയസില്‍ അന്തരിച്ചു.

ലുവോയാങ് രൂപതയുടെ രഹസ്യ ബിഷപ്പായ റോങ്ഗുയി ഭരണ കക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍ എന്ന സംഘടനയില്‍ ചേരാന്‍ വിസമ്മതിച്ചതിന് 1988 ന് ശേഷം നിരവധി തവണയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ടത്.

ബിഷപ്പ് പ്ലാസിഡസ് ഒരു ട്രാപ്പിസ്റ്റ് സന്യാസിയായിരുന്നു എന്നാണ് 'ഏഷ്യാ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. അദേഹം ആദ്യം താമസിച്ചിരുന്ന പ്രവിശ്യയായ ഹെബെയില്‍ ഉണ്ടായിരുന്ന രണ്ട് ആശ്രമങ്ങളില്‍ ഒന്ന് 1947 ല്‍ കമ്മ്യൂണിസ്റ്റുകാര്‍ നശിപ്പിച്ചു. മറ്റൊന്നില്‍ 33 സന്യാസിമാര്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പലായനം ചെയ്യേണ്ടി വരികയുമുണ്ടായി.

1950 ല്‍ യുവാവായ പ്ലാസിഡസ് ഒരു സന്നദ്ധ സംഘടനയായ ലീജിയന്‍ ഓഫ് മേരിയുടെ ഡയറക്ടറായി നിയമിതനായി. വടക്കു കിഴക്കന്‍ ചൈനയിലെ ടിയാന്‍ജിന്‍ മേഖലയില്‍ സുവിശേഷം പ്രസംഗിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും അദേഹം വ്യാപൃതനായി.

ആ വര്‍ഷം ഡിസംബറില്‍, ചൈനീസ് അധികാരികള്‍ അദേഹത്തെ അറസ്റ്റ് ചെയ്യുകയും 'വിപ്ലവകാരി' എന്ന കുറ്റം ചുമത്തി 15 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജയിലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പഠിക്കാന്‍ അദേഹത്തെ നിര്‍ബന്ധിതനാക്കി.

ജയില്‍ മോചിതനായ ശേഷവും പൊലീസ് പ്ലാസിഡസിനെ നിരന്തരം കസ്റ്റഡിയിലെടുത്തു. 1981 ല്‍ ദശലക്ഷക്കണക്കിന് ആളുകളുടെ കൂട്ട പീഡനത്തിന് കാരണമായ മാവോയുടെ 'സാംസ്‌കാരിക വിപ്ലവ'ത്തിന്റെ അവസാനത്തില്‍ 42-ാം വയസില്‍ അദേഹം പുരോഹിതനായി അഭിഷിക്തനായി.

2003 ല്‍ വത്തിക്കാന്‍ അംഗീകാരത്തോടെ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങിന്റെ കോ-അഡ്ജൂട്ടര്‍ ബിഷപ്പായി പ്ലാസിഡസ് പേ റോങ്ഗുയി നിയമിതനായി. 2011 ല്‍ വിരമിച്ചു.

'കത്തോലിക്കാ സഭയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ചൈനയില്‍ ഒരു സ്വതന്ത്ര സഭ ഉണ്ടാകില്ല. മാറേണ്ടത് ചൈനീസ് സര്‍ക്കാരാണ്. അവര്‍ മാറിയില്ലെങ്കില്‍, പോപ്പിന് ഒരിക്കലും അവരുമായി യോജിക്കാന്‍ കഴിയില്ല'- 2016 ല്‍ റോയിട്ടേഴ്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

വാര്‍ധക്യത്തില്‍ പോലും കമ്മ്യൂണിസ്റ്റ് ഭരണകൂടം ബിഷപ്പ് പ്ലാസിഡസിനെ നിരന്തരം നിരീക്ഷിച്ചിരുന്നു. ദൈവത്തില്‍ വിശ്വസിച്ചും ശുദ്ധമായ വിശ്വാസം നിലനിര്‍ത്തിയും ശരിയായ പാത പിന്തുടരുന്നത് ചൈനയില്‍ പീഡനത്തിലേക്ക് നയിക്കുന്നു. എന്നാല്‍ ദൈവത്തിന് സാക്ഷ്യം വഹിക്കാന്‍ നമുക്ക് അല്‍പ്പം കഷ്ടപ്പെടേണ്ടി വന്നാലും അത് എപ്പോഴും ഒരു അനുഗ്രഹമാണെന്ന് ബിഷപ്പ് പ്ലാസിഡസ് പറയുമായിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.